ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നല്‍കി സുപ്രിം കോടതി; നിര്‍ണായക വിധി

2013ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിൻ്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണക്ക് തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേത്

Update: 2026-03-11 06:15 GMT

ന്യൂഡല്‍ഹി: 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിച്ച് ദയാവധം നടപ്പാക്കാന്‍ അനുമതി നല്‍കി സുപ്രിം കോടതി. ദയാവധത്തിനുള്ള അനുമതിയും നിയമപ്രശ്‌നങ്ങളും സംബന്ധിച്ച് സങ്കീര്‍ണമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ നിര്‍ണായകമായ അനുമതിയാണ് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയത്. ഹരീഷ് റാണയുടെ പിതാവാണ് മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഇത്തരം കേസുകളില്‍ പ്രധാനപ്പെട്ട ചോദ്യം മരണമാണോ രോഗിക്ക് നല്ലത് എന്നതല്ല, മറിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ തുടരുന്നത് രോഗിയുടെ നന്മക്കായാണോ എന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചികിത്സ തുടരുന്നത് രോഗിയുടെ ജൈവിക നിലനില്‍പ്പിനെ ദീര്‍ഘിപ്പിക്കുക മാത്രമാണുണ്ടായതെന്നും, ചികിത്സാപരമായ യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നും കോടതി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ചൂണ്ടിക്കാട്ടി. പ്രത്യേക ട്യൂബിലൂടെ പോഷക ദ്രാവകം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertising
Advertising

ചികിത്സയും ജീവന്‍രക്ഷാ ഉപകരണങ്ങളും പിന്‍വലിച്ച് സ്വാഭാവികമായി മരിക്കാന്‍ അവസരം നല്‍കുന്ന 'നിഷ്‌ക്രിയ ദയാവധം' ആണ് കോടതി അനുവദിച്ചത്. ഇതിനായി പ്രത്യേക ട്യൂബിലൂടെ നല്‍കുന്ന ഭക്ഷണം നിര്‍ത്തലാക്കാം. റാണയെ എയിംസ് അവരുടെ പാലിയേറ്റീവ് സെന്ററിലേക്ക് മാറ്റണം. ഇവിടെ വെച്ചാണ് രോഗിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഒഴിവാക്കേണ്ടത്. മാന്യമായി മരിക്കാനുള്ള എല്ലാ അവസരങ്ങളും നല്‍കുന്നതിന് കൃത്യമായ പദ്ധതിയുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിഷ്‌ക്രിയ ദയാവധം ഇന്ത്യയില്‍ നിയമവിധേയമാക്കി 2018 മാര്‍ച്ച് 9ന് സുപ്രിം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി നല്‍കുന്ന അനുമതിയാണ് ഹരീഷ് റാണയുടേത്.

2013ല്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെ താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണാണ് ഹരീഷ് റാണക്ക് തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേത്. അന്നുമുതല്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് ഈ 32കാരന്‍. സുഖംപ്രാപിക്കാനും ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാധ്യത ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. മകന്റെ കിടപ്പില്‍ മനംനൊന്തും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലും ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് തവണ തള്ളിയ അപേക്ഷയാണ് ഇപ്പോള്‍ വീണ്ടും കോടതി പരിഗണിച്ചത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കെയാണ് അന്നത്തെ 19കാരന്റെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ഛണ്ഡീഗഢില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. തുടര്‍ന്ന്, അബോധാവസ്ഥയിലായ റാണയ്ക്ക് പിജിഐ ചണ്ഡീഗഡ്, എയിംസ് ഡല്‍ഹി, റാം മനോഹര്‍ ലോഹ്യ ആശുപത്രി, ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രി, ഫോര്‍ട്ടിസ് ആശുപത്രി എന്നിവിടങ്ങളില്‍ പല തവണയായി വിപുലമായ ചികിത്സ നല്‍കിയിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല.

ആശുപത്രികള്‍ കൈയൊഴിഞ്ഞതോടെ, റാണയെ വര്‍ഷങ്ങളായി കുടുംബം വീട്ടില്‍ തന്നെ പരിചരിച്ചുവരികയാണ്. ചികിത്സ കൊണ്ട് കാര്യമില്ലെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കുടുംബം ദയാവധ അപേക്ഷയുമായി കോടതിയിലെത്തിയത്. 2018ലും 2023ലും അപേക്ഷ സുപ്രിംകോടതി നിരസിച്ചിരുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്ലെന്ന് സ്ഥിരീകരിക്കുന്ന പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വീണ്ടും ഹരജി സമര്‍പ്പിച്ചത്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News