'നട്ടെല്ലില്ലായ്മ, ഭീരുത്വം'; ഇറാന്‍ ആക്രമണത്തെ ഇന്ത്യ അപലപിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി അരുന്ധതി റോയ്

'മുന്‍കാലത്ത് നമ്മള്‍ പാവപ്പെട്ട ജനങ്ങളുടെ പാവപ്പെട്ട രാജ്യമായിരുന്നു. എന്നാല്‍, അന്ന് നമുക്ക് അന്തസ്സും അഭിമാനവുമുണ്ടായിരുന്നു'

Update: 2026-03-11 08:34 GMT

ന്യൂഡല്‍ഹി: യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ ഇന്ത്യ അപലപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. ഇറാനില്‍ നടത്തിയ ആക്രമണത്തെ അന്യായവും നിയമവിരുദ്ധവുമെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. താന്‍ ഇറാനൊപ്പം നിലകൊള്ളുന്നുവെന്നും അരുന്ധതി പറഞ്ഞു. ഡല്‍ഹിയില്‍ തന്റെ പുതിയ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി'യെ കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

'ഞാന്‍ ഇറാനൊപ്പം നിലകൊള്ളുകയാണ്. തെഹ്‌റാന്‍, ഇസ്ഫഹാന്‍, ബെയ്റൂത്ത് തുടങ്ങിയ മനോഹരമായ നഗരങ്ങളെ കുറിച്ച് പറയാതെ എങ്ങനെ ഈ ദിവസം അവസാനിപ്പിക്കാനാകും. തീയില്‍ മുങ്ങിക്കിടക്കുകയാണവ. ഗസ്സയില്‍ ലോകം കണ്ട അതേ വംശഹത്യാ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. അതേ തിരക്കഥ, സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നു, ആശുപത്രികള്‍ തകര്‍ക്കുന്നു. നഗരങ്ങളില്‍ കാര്‍പെറ്റ് ബോംബുകള്‍ വര്‍ഷിക്കുന്നു. എന്നിട്ട് ഇരവാദം മുഴക്കുന്നു' -അരുന്ധതി പറഞ്ഞു. എന്നാല്‍, ഗസ്സയെ പോലയല്ല ഇറാനില്‍ തുടങ്ങിവെച്ച യുദ്ധമെന്നും ലോകമാകെ വ്യാപിക്കുകയാണെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. 'ഈ യുദ്ധത്തിന്റെ വേദി ലോകമാകെ വ്യാപിക്കുകയാണ്. ഒരു ആണവ ദുരന്തത്തിന്റെയും സാമ്പത്തിക തകര്‍ച്ചയുടെയും വക്കിലാണ് നമ്മള്‍' -അവര്‍ പറഞ്ഞു.

Advertising
Advertising

'നമ്മുടെ സര്‍ക്കാര്‍ കാണിക്കുന്ന നട്ടെല്ലില്ലായ്മയും ഭീരുത്വവും കാണുമ്പോള്‍ അപമാനിതയാകുകയാണ്. മുന്‍കാലത്ത് നമ്മള്‍ പാവപ്പെട്ട ജനങ്ങളുടെ പാവപ്പെട്ട രാജ്യമായിരുന്നു. എന്നാല്‍, അന്ന് നമുക്ക് അന്തസ്സും അഭിമാനവുമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് പാവപ്പെട്ടവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വെറുപ്പും വിദ്വേഷവും ഭക്ഷണമായി നല്‍കുന്ന ഒരു സമ്പന്നരാഷ്ട്രമായി നമ്മള്‍ മാറി. ഇന്ത്യയുടെ പഴയ അന്താരാഷ്ട്ര മാന്യതയും സ്വാഭിമാനവും സര്‍ക്കാര്‍ ഉപേക്ഷിച്ചു.

മറ്റ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്യുമ്പോള്‍ അമേരിക്കയെ അപലപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തുതരം ആളുകളെയാണ് നമ്മള്‍ തെരഞ്ഞെടുത്തത്. ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പാണ് നമ്മുടെ പ്രധാനമന്ത്രി ഇസ്രായേലില്‍ പോയി നെതന്യാഹുവിനെ ആലിംഗനം ചെയ്തത്. ട്രംപിന്റെ തീരുവകള്‍ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് നമ്മുടെ കര്‍ഷകരെയും ടെക്‌സ്റ്റൈല്‍ മേഖലയെയും യുഎസിന് വില്‍ക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടത്. ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ യുഎസ് 'അനുവാദം' തരികയാണ്. എന്തിനൊക്കെയാണ് നമുക്ക് അനുവാദം വാങ്ങേണ്ടത്? കുളിമുറിയില്‍ പോകാന്‍ അനുവാദം വാങ്ങണോ? ഒരു ദിവസം ലീവെടുക്കാന്‍ അനുവാദം വാങ്ങണോ? അമ്മയെ കാണാന്‍ പോകാന്‍ അനുവാദം വാങ്ങണോ? -അരുന്ധതി ചോദിച്ചു.

ഏത് ഭരണകൂടത്തിലും മാറ്റമുണ്ടാക്കേണ്ടത് ജനങ്ങളാണ്. അത് യുഎസായാലും ഇസ്രായേലായാലും ഇന്ത്യയായാലും. ലോകത്തെ മുഴുവന്‍ ഭീഷണിപ്പെടുത്തി കീഴടക്കാന്‍ ശ്രമിക്കുന്ന, കള്ളം പറയുന്ന, വഞ്ചിക്കുന്ന, വിഭവങ്ങള്‍ പിടിച്ചെടുക്കുന്ന, ബോംബുകള്‍ വീഴ്ത്തുന്ന സാമ്രാജ്യത്വ ശക്തിയും അതിന്റെ കൂട്ടാളികളും അല്ല ഭരണമാറ്റമുണ്ടാക്കേണ്ടത് -അരുന്ധതി റോയ് പറഞ്ഞു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News