ഇന്ത്യ ബലാകോട്ടില്‍ നല്‍കിയത് 2016ലെ മിന്നലാക്രമണത്തേക്കാള്‍ വലിയ തിരിച്ചടി

1971ലെ യുദ്ധത്തിന് ശേഷം നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തുന്ന വ്യോമാക്രമണമാണിതെന്ന പ്രത്യേകത കൂടിയുണ്ട്

Update: 2019-02-26 11:10 GMT
Advertising

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിന് 190 കിലോമീറ്റര്‍ അകലെയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാകോട്ട്. ഇവിടെ ജയ്ശെ മുഹമ്മദ് അടക്കമുള്ള നിരവധി തീവ്രവാദികളുടെ ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നിരുന്നു. 2016ലെ മിന്നലാക്രമണത്തേക്കാള്‍ വലിയ തിരിച്ചടി കൂടിയാണ് ഇപ്പോള്‍ ഇന്ത്യ ബലാകോട്ടില്‍ നല്‍കിയത്.

2016ല്‍ ഉറിയില്‍ ജയ്ശെ മുഹമ്മദ് ന‍ടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. എന്നാല്‍ അന്ന് നടത്തിയതിനേക്കാളേറെ വലിയ പ്രത്യാക്രമണമാണ് ഇപ്പോഴത്തെ നടപടി. 1971ലെ യുദ്ധത്തിന് ശേഷം നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തുന്ന വ്യോമാക്രമണമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ വ്യോമാക്രമണം നിയന്ത്രണരേഖക്കുള്ളില്‍ നിന്ന് മതിയെന്ന് അന്ന് വാജ്പേയ് സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു.

പാകിസ്താനിലെ കൈബര്‍ പക്തൂന്‍ക്വാ പ്രവിശ്യയിലാണ് ബലാകോട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടം നിയന്ത്രിച്ചിരുന്ന മസൂദ് അസ്റിന്‍റെ ഭാര്യാ സഹോദരനായ മൌലാന യൂസഫ് അസര്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്‍റെ സൂത്രധാരനായിരുന്നു. യൂസഫ് അസര്‍ അടക്കമുള്ള ഭീകരര്‍ ഐസി 814 യാത്രാവിമാനം തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യക്ക് മസൂദ് അസറിനെ വിട്ടയക്കേണ്ടിവന്നത്.

Tags:    

Similar News