ജമാഅത്ത് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് നാഷനല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും

എതിരഭിപ്രായങ്ങള്‍ക്കും അവസരം നല്‍കുന്ന ജനാധിപത്യത്തിന്റെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്നാണ് ഉയരുന്ന വിമര്‍ശനം.

Update: 2019-03-02 05:54 GMT
Advertising

ജമ്മു കശ്മീര്‍ ജമാഅത്ത് ഇസ്ലാമിയെ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷനല്‍ കോണ്‍ഫറന്‍സും. എതിരഭിപ്രായങ്ങള്‍ക്കും അവസരം നല്‍കുന്ന ജനാധിപത്യത്തിന്റെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്നാണ് ഉയരുന്ന വിമര്‍ശനം. രാഷ്ട്രീയവിഷയങ്ങളെ അധികാരം ഉപയോഗിച്ച് നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ രീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ നടപടിയെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു.

''ആശയങ്ങളുടെ പോരാട്ടമാണ് ജനാധിപത്യം. ജമ്മു കശ്മീര്‍ ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ചതിന് പിന്നാലെ നടക്കുന്ന അടിച്ചമര്‍ത്തല്‍ അപലപനീയമാണ്. ജമ്മു കശ്മീരിലെ രാഷ്ട്രീയ വിഷയങ്ങളെ അടിച്ചമര്‍ത്തുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ മറ്റൊരു ഉദാഹരമാണിത്' മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പറഞ്ഞു.

'എന്തുകൊണ്ടാണ് ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര സര്‍ക്കാരിനെ ഇത്രയേറെ അസ്വസ്ഥപ്പെടുത്തുന്നത്. തീവ്ര ഹിന്ദു സംഘടനകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. മറുവശത്ത് കശ്മീരികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത സംഘടന നിരോധിക്കപ്പെട്ടു. ബി.ജെ.പി വിരുദ്ധരെന്നാല്‍ ദേശദ്രോഹികളെന്നാണോ അര്‍ഥം?' എന്നും മെഹബൂബ മുഫ്തി ചോദിച്ചു.

ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാനത്തെ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തീവ്രവാദി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞായിരുന്നു നിരോധം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ യോഗത്തിനൊടുവിലായിരുന്നു നടപടി.

നാഷണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗറും ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമി നിരോധനത്തിനെതിരെ രംഗത്തെത്തി. 'ആശയത്തെ ആശയംകൊണ്ട് മാത്രമേ നേരിടാനാകൂ. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിലൂടെ സര്‍ക്കാര്‍ ഫലത്തില്‍ ആ സംഘടനയുടെ പ്രശസ്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ നീക്കം ജമ്മുകശ്മീരിലെ സമാധാന നീക്കങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും' അലി മുഹമ്മദ് സാഗര്‍ പറഞ്ഞു.

Tags:    

Similar News