''2023ൽ ബി.ജെ.പി നേതാവിന് പെൻഡ്രൈവ് നൽകി; മറ്റാര്‍ക്കും കൈമാറിയിട്ടില്ല''-പ്രജ്വല്‍ സെക്‌സ് ടേപ്പ് വിവാദത്തിൽ കൂടുതല്‍ കുരുക്കുമായി വെളിപ്പെടുത്തൽ

ലൈംഗികാതിക്രമത്തെ മുന്നറിയിപ്പ് സംബന്ധിച്ച് പാർട്ടി നേതാവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു കൈയൊഴിയുകയാണ് കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്ര യെദിയൂരപ്പ

Update: 2024-05-01 09:56 GMT
Editor : Shaheer | By : Web Desk
Advertising

ബെംഗളൂരു: കർണാടകയിലെ സെക്‌സ് ടേപ്പ് വിവാദത്തിൽ ബി.ജെ.പിയെ കൂടുതൽ കുരുക്കിലാക്കി എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ. ബി.ജെ.പി നേതാവ് ദേവരാജെ ഗൗഡയ്ക്കു മാത്രമാണ് താൻ വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് കൈമാറിയിട്ടുള്ളതെന്ന് മുൻ ഡ്രൈവർ കാർത്തിക് വ്യക്തമാക്കി. 2023ൽ വിഡിയോ ദൃശ്യങ്ങൾ നൽകിയിട്ടുണ്ടെന്നാണു വെളിപ്പെടുത്തൽ. വിവാദ വിഡിയോ കോൺഗ്രസ് നേതാക്കൾക്കാണ് ആദ്യം ലഭിച്ചതെന്ന് ദേവരാജെ ഗൗഡ നേരത്തെ ആരോപിച്ചിരുന്നു.

''ആ പെൻഡ്രൈവ് അദ്ദേഹമോ(ദേവരാജെ ഗൗഡ) ബി.ജെ.പിക്കാരോ മറ്റാർക്കെങ്കിലും എന്തെങ്കിലും ആവശ്യത്തിനു കൈമാറിയോ എന്ന് അറിയില്ല. ഞാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അതു നൽകിയിട്ടില്ല. ഞാനത് കോൺഗ്രസ് നേതാക്കൾക്കു നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം ഇപ്പോൾ ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കാണ് ഞാനത് നൽകിയതെങ്കിൽ പിന്നീട് നീതി തേടി അദ്ദേഹത്തെ സമീപിക്കുന്നതെന്തിനാണ്?''-കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ജെ.ഡി.എസ് എം.പി കൂടിയായ പ്രജ്വലിന്റെ മുൻ ഡ്രൈവർ ചോദിച്ചു.

രേവണ്ണ കുടുംബം വേട്ടയാടിയതിനെ തുടർന്നാണ് താൻ ഗൗഡയെ സമീപിച്ചതെന്നും കാർത്തിക് വെളിപ്പെടുത്തി. തന്റെ പേരിലുണ്ടായിരുന്ന ഒരുപാട് സ്ഥലം അവരുടെ പേരിലേക്കു മാറ്റുകയും ചെയ്തു. കേസിൽ കർണാടക സർക്കാർ ഉത്തരവിൽ അന്വേഷണം ആരംഭിച്ച സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ സംഘത്തിന്(എസ്.ഐ.ടി) എല്ലാ രേഖകളും കൈമാറുമെന്നും കാർത്തിക് വ്യക്തമാക്കി.

വിവാദം ആരംഭിച്ചതിനു പിന്നാലെ ഗൗഡയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് ഞാൻ പെൻഡ്രവ് നൽകിയെന്ന് അദ്ദേഹം പറയുന്നത് കള്ളമാണ്. ഹോലെനാസിപുരയിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചു തോറ്റ ദേവരാജെ ഗൗഡയ്ക്കു മാത്രമാണ് ഞാനതു നൽകിയിട്ടുള്ളത്. വേറെ ഒരാൾക്കും കൊടുത്തിട്ടില്ല. രേവണ്ണ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് കോൺഗ്രസ് നേതാക്കൾ. അവർക്ക് ഞാനെന്തിന് അതു നൽകണമെന്നും കാർത്തിക് ചോദിച്ചു.

കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പെൻഡ്രൈവ് കൊടുത്തിട്ടുണ്ടെന്ന് കാർത്തിക് തന്നോട് പറഞ്ഞെന്നായിരുന്നു ദേവരാജെ ഗൗഡയുടെ അവകാശവാദം. അതേസമയം, രേവണ്ണ കുടുംബത്തിന്റെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് ബി.ജെ.പി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നുവെന്ന ഗൗഡയുടെ വാദം സംസ്ഥാന അധ്യക്ഷൻ തള്ളി. ഹാസനിൽ പ്രജ്വലിനെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനിടെയാണ് സംഭവങ്ങളെ കുറിച്ചു വിശദമായി നേതൃത്വത്തിന് എഴുതിയതെന്നായിരുന്നു ഗൗഡ പറഞ്ഞത്. പ്രജ്വലിനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കരുതെന്നും ബി.ജെ.പിക്ക് ഉൾപ്പെടെ തലവേദനയാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വാദങ്ങൾ കർണാടക ബി.ജെ.പി അധ്യക്ഷനും ശിക്കാരിപുര എം.എൽ.എയുമായ വിജയേന്ദ്ര യെദിയൂരപ്പ തള്ളിക്കളഞ്ഞു. ഗൗഡ പറയുന്നതെല്ലാം പൂർണമായും കള്ളമാണെന്നും ഇത്തരത്തിലൊരു കത്തും തനിക്കു ലഭിച്ചിട്ടില്ലെന്നും വിജയേന്ദ്ര പറഞ്ഞു. വിവാദ വിഡിയോകളെ കുറിച്ച് തനിക്ക് ഒരുതരത്തിലുമുള്ള അറിവുമുണ്ടായിരുന്നില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് എൻ.ഡി.എ സഖ്യത്തെയും ജെ.ഡി.എസിനെയും പ്രതിരോധത്തിലാക്കി സെക്‌സ് ടേപ്പ് വിവാദം തലപൊക്കുന്നത്. ജെ.ഡി.എസ് ആചാര്യൻ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണയ്ക്കും പിതാവും ഹോലെനാർസിപുര എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. വീട്ടുജോലിക്കാരികളും സർക്കാർ ജീവനക്കാരികളും ഉൾപ്പെടെ നിരവധി പേരെ ഇവർ ബലപ്രയോഗത്തിലൂടെ നിരന്തരം ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നാണു പരാതി ഉയർന്നത്. ലൈംഗികകൃത്യങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ബ്ലാക്ക് മെയിൽ ചെയ്തു നിരന്തരം പീഡിപ്പിക്കുകയും ചെയ്‌തെന്നും പരാതിയുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന 47കാരിയാണു പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് രേവണ്ണയ്ക്കും മകൻ പ്രജ്വലിനുമെതിരെ പരാതിയിലുള്ളത്. വീട്ടുജോലിക്കാരിയുടെ പരാതിക്കു പിന്നാലെ സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കർണാടക സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി. പിന്നാലെയാണ് കർണാടക സർക്കാർ എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹാസനിൽ ഉൾപ്പെടെ വോട്ടെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്. ഇതോടെ പ്രജ്വൽ ജർമനിയിലേക്കു കടക്കുകയും ചെയ്തു. എന്നാൽ, കർണാടകയിൽ ഉൾപ്പെടെ ഇനിയും വോട്ടെടുപ്പ് ബാക്കിയുള്ള ഘട്ടത്തിലുള്ള പരാതിയും നടപടികളും എൻ.ഡി.എ സഖ്യത്തിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തിൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്നു തുടക്കത്തിൽ ബി.ജെ.പി കൈയൊഴിഞ്ഞെങ്കിലും പാർട്ടി നേതാവ് ദേവരാജെ ഗൗഡയുടെ വെളിപ്പെടുത്തൽ നേതൃത്വത്തെ ശരിക്കുംവെട്ടിലാക്കി. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനുമുൻപേ ലൈംഗികാതിക്രമങ്ങളെ കുറിച്ച് നേതൃത്വത്തിനു മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ലെന്നായിരുന്നു ഗൗഡയുടെ വെളിപ്പെടുത്തൽ. ദേശീയതലത്തിൽ തന്നെ തിരിച്ചടിയായേക്കാവുന്ന സെക്‌സ് ടേപ്പ് വിവാദങ്ങളിൽനിന്നു മുഖംരക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബി.ജെ.പി.

Summary: ‘I gave pen drive only to BJP leader Devaraje Gowda’: JD(S) MP Prajwal Revanna’s former driver Karthik on sex tape controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News