പരീക്കര്‍ ഗുരുതരാവസ്ഥയില്‍; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പിയില്‍ തിരക്കിട്ട ചര്‍ച്ച

മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് മൂന്ന് എം,എല്‍.എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ പിന്തുണ.

Update: 2019-03-17 07:51 GMT
Advertising

ഗോവയില്‍ മനോഹര്‍ പരീക്കര്‍ക്ക് പകരക്കാനെ കണ്ടെത്താന്‍ ബി.ജെ.പിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതോടെയാണ് മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ ഭാവി പ്രതിസന്ധിയിലായത്. അതേസമയം. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല്‍പതംഗ മന്ത്രിസഭയില്‍ 13 എം.എല്‍.എമാര്‍ മാത്രമുള്ള ബി.ജെ.പി, സഖ്യകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് സര്‍ക്കാരുണ്ടാക്കിയത്. മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് മൂന്ന് എം,എല്‍.എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ പിന്തുണ. അതുകൊണ്ടാണ് ആരോഗ്യാവസ്ഥ മോശമായിട്ടും പരീക്കറെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ ബി.ജെ.പി നിര്‍ബന്ധിതരായത്. മനോഹര്‍ പരീക്കര്‍ നീണ്ട ചികിത്സക്ക് ശേഷം ഡിസംബറില്‍ മടങ്ങിയെത്തിയെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസത്തോടെ രോഗം വഷളായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതോടെയാണ് തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ബി.ജെ.പി തയ്യാറായത്. പരീക്കര്‍ക്ക് പകരക്കാരന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. മുന്‍മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ പേരിനാണ് മുന്‍തൂക്കം. ഘടകകക്ഷിയായ എം.ജി.പിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Tags:    

Similar News