രാഹുല്‍ അധ്യക്ഷനായി തുടരണമെന്ന് ആവശ്യം; എ.ഐ.സി.സി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ നിരാഹാരം

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രാദേശിക നേതാക്കൾ ഏറെ പേർ രംഗത്തെത്തിയപ്പോൾ മുതിർന്ന നേതാക്കളിൽ ചുരുക്കം പേർ മാത്രമാണ് പിന്തുണയുമായെത്തിയത്. 

Update: 2019-07-01 10:15 GMT
Advertising

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തുടരണമെന്ന ആവശ്യം ശക്തമാക്കി നേതാക്കളും പ്രവർത്തകരും. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചു. ഇതോടെ മുതിർന്ന നേതാക്കളിലും രാജി സമ്മർദ്ദം ശക്തമാകുകയാണ്. രാജി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാരും ഇന്ന് രാഹുലിനെ കാണും.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ട് ദിവസം 38 കഴിഞ്ഞു. ഇതു വരെ 200ൽ അധികം നേതാക്കൾ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രാദേശിക നേതാക്കൾ ഏറെ പേർ രംഗത്തെത്തിയപ്പോൾ മുതിർന്ന നേതാക്കളിൽ ചുരുക്കം പേർ മാത്രമാണ് പിന്തുണയുമായെത്തിയത്. ഇതിനിടെയാണ് എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്.

രാജി തീരുമാനം പുനപരിശോധിക്കണം എന്ന് ആവശ്യമുന്നയിച്ച് കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് രാഹുലിനെ കാണാൻ നിശ്ചയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരായ കമൽ നാഥ്, അശോക് ഗെഹ്‌ലോട്ട്, ക്യാപ്റ്റൻ അമരീന്ദർ സിങ്, ഭൂപേഷ് ഭഗൽ, വി നാരായൺ സ്വാമി, രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരാണ് കൂടിക്കാഴ്ചക്കെത്തുക.

Tags:    

Similar News