ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും

നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി

Update: 2019-10-10 01:42 GMT
Advertising

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ല‍ഡാക്കിലെ ഭൂമി സംരക്ഷിക്കുന്നതിനും ജോലി ഉറപ്പ് വരുത്തുന്നതിനുമായി ല‍ഡാക്ക് ജനപ്രതിനിധികള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സമഗ്ര വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ജമ്മുകശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടും പ്രവേശനം അനുവദിക്കുന്നത്. കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച അവലോകനയോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗവർണർ നിർദേശം നൽകിയത്. കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നുവെങ്കിലും വിദ്യാര്‍ത്ഥികള്‍ ആരും എത്തുകയുണ്ടായില്ല.

നേരത്തെ സ്കൂളുകള്‍ തുറന്നപ്പോഴും സമാന അവസ്ഥയായിരുന്നു. എല്ലാ സ്‍കൂളുകളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ ജമ്മുകശ്മീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ല‍ഡാക്കിലെ ഭൂമി സംരക്ഷിക്കുന്നതിനും ജോലി ഉറപ്പ് വരുത്തുന്നതിനുമായി ല‍ഡാക്ക് ജനപ്രതിനിധികള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സമഗ്ര വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്‍.ജി.ഒകള്‍, മതസംഘടനകള്‍, അടക്കമുള്ള എല്ലാ വിഭാഗങ്ങളോടും സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് ബി.ജെ.പി എം.പി ജംഗ്യാങ് പറ‍ഞ്ഞു.

Tags:    

Similar News