സി.എ.എ പ്രക്ഷോഭം: വനിതാ പ്രതിഷേധക്കാരുടെ പുതപ്പും ഭക്ഷണവും രാത്രി തട്ടിയെടുത്ത് പൊലീസ്

പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരെ സമാധാനപരമായായിരുന്നു പ്രതിഷേധം. 

Update: 2020-01-19 06:26 GMT
Advertising

ഉത്തര്‍പ്രദേശിലെ ഘാണ്ട ഘർ മേഖലയില്‍ പൗരത്വ ഭേദഗതി നിയമത്തിൽ (സി.എ.എ) സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളുടെ ഭക്ഷണവും പുതപ്പും ലഖ്‌നൗ പൊലീസ് തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഡല്‍ഹിയിലെ ഷഹീൻ ബാഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അഞ്ഞൂറോളം സ്ത്രീകളും കുട്ടികളും ലഖ്‌നൗവിലെ പഴയ ക്വാർട്ടേഴ്‌സിലെ ക്ലോക്ക് ടവറിന് സമീപം ഇരുന്നു പ്രതിഷേധിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി.

പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരെ സമാധാനപരമായായിരുന്നു പ്രതിഷേധം. ഇതിനിടെ ഇവിടേക്ക് എത്തിയ ആയുധധാരികളായ പൊലീസ് സംഘം പ്രതിഷേധക്കാരുടെ പുതപ്പുകളും ഭക്ഷ്യവസ്തുക്കളും എടുത്തുകൊണ്ടുപോകുകയായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രതിഷേധക്കാരില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളുമായി പൊലീസുകാർ ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസ് നടപടിയെ അപലപിച്ച് പ്രതിഷേധക്കാര്‍ പൊലീസുകാരെ ‘ഉത്തർപ്രദേശിലെ കള്ളൻമാരായ പൊലീസ്’ എന്ന് വിളിക്കുന്നതും കാണാം. പൊലീസ് എത്തുന്നതു വരെ പ്രതിഷേധം സമാധാനപരമായിരുന്നു.

പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരിൽ നിന്ന് ഭക്ഷ്യവസ്തുക്കളും പുതപ്പുകളും പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ നേരിയതോതില്‍ വഷളായി. ബലപ്രയോഗിച്ച് പൊലീസ് നടത്തിയ നടപടിയെ അപലപിച്ച് ഉത്തർപ്രദേശ് പൊലീസിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഡിസംബർ 11 ന് ബില്‍ പാസാക്കിയതുമുതൽ ഡല്‍ഹിക്ക് പുറമെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയർന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തിരുന്നു. പൊലീസ് ഇടപെടലാണ് സമാധാനപരമായ പല പ്രതിഷേധങ്ങളും സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന വിമര്‍ശനവും നിലവിലുണ്ട്. വിവിധ സംഭവങ്ങളിലായി 20 ഓളം പേരാണ് മരിച്ചത്.

Tags:    

Similar News