കുളത്തൂപ്പുഴയിൽ കണ്ടെത്തിയത് പാക് നിര്‍മിത വെടിയുണ്ടകള്‍ ? കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി എം.പി

പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് വെടിയുണ്ടകളെന്നാണ് പൊലീസ് സംശയിക്കുന്നത്. 

Update: 2020-02-23 06:59 GMT
Advertising

കൊല്ലം കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തില്‍ പാകിസ്താന്‍ ബന്ധം ആരോപിച്ച് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുതിർന്ന കർണാടക ബി.ജെ.പി നേതാവും എം.പിയുമായ ശോഭ കരന്ദ്‌ലാജെ രംഗത്ത്. കേരളം തീവ്രവാദ ഫാക്ടറിയായി മാറിയെന്ന് ആരോപിച്ച ശോഭ, പിണറായി വിജയന്‍ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യം പൊലീസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായി. സി.എ.എയെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുക്കള്‍ പീഡനം അനുഭവിക്കുന്നു. ഇപ്പോള്‍ കൊല്ലത്ത് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രപതി ഭരണം അനിവാര്യമായിരിക്കുന്ന സമയമാണിതെന്നും ശോഭ പറഞ്ഞു.

കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് പാകിസ്താന്‍ നിര്‍മിത വെടിയുണ്ടകളാണെന്നാണ് സംശയം. പാക് സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണ് വെടിയുണ്ടകളെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. എൻ.ഐ.എ സംഘം കുളത്തുപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തി പരിശോധന നടത്തും. വെടിയുണ്ടകള്‍‍ പരിശോധിക്കുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം കുളത്തൂപ്പുഴ സ്റ്റേഷനിലെത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. കേസില്‍ മിലട്ടറി ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രാഥമിക അന്വേഷണത്തിൽ, 'പാകിസ്താൻ ഓർഡനൻസ് ഫാക്ടറി'യെ സൂചിപ്പിക്കുന്ന POF എന്ന് വെടിയുണ്ടകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. പി.ഒ.എഫ് എന്നത് പാകിസ്താന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണെന്നാണ് നിഗമനം. 1981, 1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മിച്ചവയാണ് വെടിയുണ്ടകളെന്നും പ്രാഥമിക പരിശോധനയില്‍ പൊലീസ് സംശയിക്കുന്നു. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിലാണ് ഉപയോഗിക്കുന്നത്. ലൈറ്റ് മെഷിന്‍ ഗണ്‍, എ.കെ 47 തുടങ്ങിയ തോക്കുകളിലും ഈ വെടിയുണ്ടകള്‍ ഉപയോഗിക്കുന്നുണ്ട്. കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറിയതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Tags:    

Similar News