'ആദ്യം റായ്ബറേലിയില്‍ ജയിക്കൂ പിന്നെയാവാം വെല്ലുവിളി'; രാഹുലിന് ഉപദേശവുമായി ഗാരി കാസ്പറോവ്, വിവാദത്തിനു പിന്നാലെ വിശദീകരണം

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായിട്ടാണ് കാസ്പറോവിന്റെ പ്രതികരണം

Update: 2024-05-04 04:48 GMT
Editor : ദിവ്യ വി | By : Web Desk

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനു പിന്നാലെ അദ്ദേഹത്തിന് ഉപദേശവുമായി ചെസ്സ് ഇതിഹാസ താരം ഗാരി കാസ്പറോവ്. ആദ്യം റായ്ബറേലിയില്‍ ജയിക്കൂ എന്നും പിന്നീടാവാം വലിയവരെ വെല്ലുവിളിക്കുന്നതെന്നുമായിരുന്നു കാസ്പറോവിന്റെ ട്വീറ്റ്.

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായിട്ടാണ് കാസ്പറോവിന്റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി ചെസ് കളിക്കുന്ന ഒരു വീഡിയോ കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. രാഹുലിന് ഇഷ്ടപ്പെട്ട കായിക ഇനമാണ് ചെസ്സ് എന്നും ഗാരി കാസ്പറോവാണ് തന്റെ ഇഷ്ട ചെസ് താരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Advertising
Advertising

ഈ വീഡിയോ പങ്കുവച്ച് കൊണ്ട് എക്‌സില്‍ ഒരു വ്യക്തി രാഹുലിനെ പരിഹസിച്ച് പോസ്റ്റിടുകയുണ്ടായി.'കാസ്പറോവും വിശ്വനാഥന്‍ ആനന്ദുമെല്ലാം നേരത്തെ വിരമിച്ചത് കൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും വലിയ ചെസ് പ്രതിഭയെ അവര്‍ക്ക് നേരിടേണ്ടി വന്നില്ല. അത് വലിയ ആശ്വാസമായി തോന്നുന്നു' എന്നായിരുന്നു പരിഹാസം. ഈ ട്വീറ്റിന് മറുപടിയായാണ് കാസ്പറോവ് പ്രതികരിച്ചത്. മുന്‍നിരയിലുള്ളവരെ വെല്ലുവിളിക്കുന്നതിന് മുമ്പായി റായ്ബറേലിയില്‍ വിജയിച്ച് കാണിക്കൂ എന്നാണ് അദ്ദേഹം കുറിച്ചത്.

സംഭവം വൈറലായതോടെ വിശദീകരണവുമായി റഷ്യന്‍ ചെസ് താരമായ കാസ്പറോവ് തന്നെ രംഗത്തു വന്നു. പ്രതികരണത്തെ വെറും തമാശയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു കാസ്പറോവിന്റെ വിശദീകരണം. താന്‍ പങ്കുവച്ചത് ഒരു തമാശയായിരുന്നു. അത് ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് വാദിക്കുന്നതിലേക്ക് കടന്നു പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒരു രാഷ്ട്രീയക്കാരന്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗെയിമില്‍ മുഴുകുന്നത്  കാണാതിരിക്കാനാവില്ലെന്നും കാസ്പറോവ് പറഞ്ഞു.

അതേസമയം സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസമാണ് റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. റായ്ബറേലിക്കു പുറമെ വയനാട്ടിലാണ് രാഹുല്‍ മത്സരിച്ചത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News