ഡൽഹി കലാപം: കു‌റ്റപത്രത്തിൽ സൽമാൻ ഖുര്‍ശിദിനും വൃന്ദാ കാരാട്ടിനും ആനി രാജയ്‌ക്കുമെതിരെ പരാമർശം

പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24 നാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

Update: 2020-09-24 06:39 GMT
Advertising

ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചന കേസിലെ കുറ്റപത്രത്തിൽ മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുര്‍ശിദിന്‍റെയും ഇടത് നേതാക്കളായ ബൃന്ദ കാരാട്ടിന്‍റെയും ആനി രാജയുടെയും പേരുകൾ. പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. കലാപത്തിന്‍റെ മുന്നൊരുക്കമായിരുന്നുവെന്നും മഹിളാ എക്താ യാത്രയെന്നും കുറ്റപത്രത്തില്‍ പരാമര്‍ശം. ഇവർ അംഗങ്ങളായ ഗ്രൂപ്പുകളിൽ ഇതേപറ്റി ചർച്ച നടന്നതായും കുറ്റപത്രം.

ഈ മൂന്ന് രാഷ്ട്രീയ നേതാക്കളും പ്രതിഷേധ സമരം നടന്നിരുന്ന ഖുറേജിയിലേക്കെത്തുകയും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പൗരത്വനിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഫെബ്രുവരി 24 നാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. 53 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സൽമാൻ ഖുര്‍ശിദിനെയും ബൃന്ദ കാരാട്ടിനെയും ആനി രാജയെയും കൂടാതെ കോൺഗ്രസ് നേതാവായ ഉദിത് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍, സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ്, ചലച്ചിത്രകാരൻ രാഹുൽ റോയ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, എഴുത്തുകാരൻ ഹർഷ് മന്ദെർ എന്നിവരെ കുറിച്ചും കു‌റ്റപത്രത്തിൽ പരാമർശമുണ്ട്.

മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, പോലീസ് സംരക്ഷണയിലുള്ള സാക്ഷി എന്നിവരുടെ മൊഴി പ്രകാരമാണ് കുറ്റപത്രത്തില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം താനും ഖാലിദ് സൈഫിയും കൂടി സല്‍മാന്‍ ഖുര്‍ഷിദ്, സംവിധായകന്‍ രാഹുല്‍ റോയ്, ഭീം ആര്‍മി നേതാവ് ഹിമാന്‍ശു എന്നിവരെ വിളിച്ചുവരുത്തിയതായിരുന്നുവെന്നും ഇസ്രത് ജഹാന്‍ നല്‍കിയ മൊഴിയിലുണ്ട്. സാക്ഷിയുടെ മൊഴിയില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്‍റെയും പേരുണ്ട്.

പ്രശാന്ത് ഭൂഷണ്‍, സല്‍മാന്‍ ഖുര്‍ഷിദ്, ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജില്‍ ഇമാം, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം മീരാന്‍ ഹൈദര്‍, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് എന്നിവരെ ഖുറേജിയിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും ഇവരൊക്കെ പ്രകോപനപരമായ പ്രസംഗങ്ങളാണ് നടത്തിയതെന്നുമാണ് ഖാലിദ് സെയ്ഫിയുടെ മൊഴി.

Tags:    

Similar News