സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് ആവാത്ത വധുവിനെ വേണം: വൈറലായി അഭിഭാഷകന്‍റെ വിവാഹപരസ്യം

വരന്മാരാകാന്‍ പോകുന്നവരും വധുക്കളാകാന്‍ പോകുന്നവരും ശ്രദ്ധിക്കുക, പൊരുത്തത്തിന്‍റെ മാനദണ്ഡങ്ങള്‍ മാറിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് പരസ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Update: 2020-10-05 07:30 GMT
Advertising

വധുവിനെ തേടിയായാലും വരനെ തേടിയായാലും പത്രങ്ങളിലെ വിവാഹപരസ്യങ്ങളില്‍ വരുന്ന ഡിമാന്‍റുകളില്‍ സാമ്യതകളേറെയാണ്.. വരനെ തേടിയാണെങ്കില്‍ മതവും ഉയരവും ജോലിയും ഒക്കെയാണ് മാനദണ്ഡങ്ങളെങ്കില്‍ വധുവിനെ തേടിയാകുമ്പോള്‍, വെളുത്ത സുന്ദരി, മെലിഞ്ഞ സുന്ദരി എന്നിങ്ങനെയായി മാറും. എന്നാലിപ്പോള്‍ വധുവിനെ തേടിയുള്ള ഒരു അഭിഭാഷകന്‍റെ പത്രപരസ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

‘സോഷ്യല്‍ മീഡിയയ്ക്ക് അഡിക്ട് ആവാത്ത’ പെണ്‍കുട്ടിയെയാണ് ഈ യുവാവ് തേടുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 37 കാരനായ അഭിഭാഷകനാണ് വധുവിനെ തേടിയുളള ഈ പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ പരസ്യം ശ്രദ്ധയില്‍പ്പെട്ട ഐഎഎസ് ഓഫീസര്‍ നിതിന്‍ സാങ്വാന്‍ അത് ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് പരസ്യം വൈറലായത്. പുതിയ കാലത്ത് പങ്കാളിയെ തേടുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന വിവാഹകാഴ്ചപ്പാടുകളെകുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍, ഈ പരസ്യത്തെ മുന്‍നിര്‍ത്തി ചര്‍ച്ച ചെയ്യുന്നത്.

വരന്മാരാകാന്‍ പോകുന്നവരും വധുക്കളാകാന്‍ പോകുന്നവരും ശ്രദ്ധിക്കുക, പൊരുത്തത്തിന്‍റെ മാനദണ്ഡങ്ങള്‍ മാറിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് നിതിന്‍ സാങ്വാന്‍ ഐഎഎസ് മാട്രിമോണിയല്‍ പരസ്യത്തിന്‍റെ പേപ്പര്‍ കട്ടിംഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായവും ഉയരവും വ്യക്തമാക്കിയ പരസ്യത്തില്‍, വരന്‍റെ ഒരുപാട് വിശേഷണങ്ങളും പ്രത്യേകതകളും എടുത്തുപറഞ്ഞിട്ടുണ്ട്.

യോഗ പരിശീലിക്കുന്ന വ്യക്തിയാണ്, സുമുഖനാണ്, വെളുത്തിട്ടാണ്, ദുശ്ശീലങ്ങള്‍ ഒന്നുമില്ല, ഹൈക്കോടതിയിലെ അഭിഭാഷകനും ഗവേഷകനുമാണ്, അഭിഭാഷക കുടുംബമാണ്, വീട്ടില്‍ കാറുണ്ട്, മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, കമര്‍പുകുറിലാണ് വീട്- തുടങ്ങി നിബന്ധനകളൊന്നുമില്ലാത്ത വരന് വധുവിനെ തേടുന്നു എന്നാണ് പരസ്യം.

വധുവിന് വേണ്ട യോഗ്യതകളും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെളുത്തിട്ടാവണം, ഭംഗിയുള്ളവളായിരിക്കണം, ഉയരം വേണം, മെലിഞ്ഞിട്ടാവണം. കൂടാതെ സോഷ്യല്‍മീഡിയയ്ക്ക് അടിമപ്പെട്ടവളാകരുത്- എന്ന് കൂടി ചേര്‍ത്താണ് പരസ്യം അവസാനിപ്പിച്ചിരിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ളവര്‍ ഇന്ന് സമൂഹമാധ്യമങ്ങളായ ഫെയ്‍സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കുന്നു എന്നിരിക്കെ യുവാവിന്‍റെ വിവാഹപരസ്യം കുറച്ചൊന്നുമല്ല സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ചിലര്‍ യുവാവിന്‍റെ ആഗ്രഹം പോലെ അനുയോജ്യമായ വധുവിനെ ലഭിക്കട്ടെ എന്ന് ആശംസിച്ചപ്പോള്‍, മറ്റു ചിലര്‍ ഡിമാന്‍റുകളൊന്നുമില്ലെന്ന് പറഞ്ഞ്, വധുവിന് വേണ്ട ഗുണഗണങ്ങളെക്കുറിച്ച് യുവാവ് എടുത്ത് പറഞ്ഞതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.

Tags:    

Similar News