മനുസ്മൃതി വിവാദം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖുശ്‍ബു അറസ്റ്റില്‍

മനുസ്‍മൃതി നിരോധിക്കണമെന്ന് പറഞ്ഞ ലോക്‍സഭ എം പിയും വി.സി.കെ നേതാവുമായ തിലക് തിരുമാവളവനെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്.

Update: 2020-10-27 05:46 GMT
Advertising

തമിഴ‍്‍നാട്ടില്‍ മനുസ്മൃതി വിവാദം കത്തുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രതിഷേധിച്ചതിന് ബി.ജെ.പി നേതാവും നടിയുമായ ഖുശ്‍ബു അറസ്റ്റില്‍. മനുസ്‍മൃതി നിരോധിക്കണമെന്ന് പറഞ്ഞ ലോക്‍സഭ എം പിയും വി.സി.കെ നേതാവുമായ തിലക് തിരുമാവളവനെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്.

ചിദംബരത്ത് തിരുമാവളവനെതിരെ ബിജെപി പ്രതിഷേധം തീരുമാനിച്ചിരുന്നു. പ്രതിഷേധം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായതിനാല്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഖുശ്‍ബുവിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകളുടെ അന്തസ്സിന് വേണ്ടി അവസാന ശ്വാസം വരെ പോരാടുമെന്ന് ഖുശ്‍ബു ട്വിറ്ററില്‍ അറിയിച്ചു. പൊലീസ് വാനില്‍ മാസ്‍ക് ധരിച്ച് അനുയായികള്‍ക്കൊപ്പമെടുത്ത ചിത്രവും ഖുശ്‍ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകളെയും പിന്നാക്കവിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കമെന്നും അതിനാല്‍ മനുസ്‍മൃതി നിരോധിക്കണമെന്നുമായിരുന്നു തിരുമാവളവന്‍റെ പ്രസംഗം. തുടര്‍ന്ന് തിരുമാവളവന്‍ സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി തമിഴ്‍നാട്ടിലെ ബിജെപി നേതൃത്വം നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) അധ്യക്ഷനാണ് ചിദംബരം എംപിയായ തോല്‍ തിരുമാവളവന്‍. സിപിഎമ്മും ഡിഎംകെയും ജിഗ്നേഷ് മേവാനിയും ഉള്‍പ്പടെയുള്ളവര്‍ തിരുമാവളവന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാസം 27 ന് യൂറോപ്പിലെ പെരിയാര്‍ അനുകൂലികള്‍ നടത്തിയ വെബ്ബിനാറിനിടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പിന്നീട് ഇത് ബിജെപിയുടെ ഐടി സെല്‍ ചര്‍ച്ചയാക്കുകയായിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാവളവന്‍റെ പ്രസ്താവനയെന്ന് നേരത്തെ ഖുശ്‍ബു ആരോപിച്ചിരുന്നു. ഏതെങ്കിലും മതത്തിനെതിരല്ല, എല്ലാ സ്ത്രീകള്‍ക്കും എതിരാണ് തിരുമാവളവന്‍റെ പ്രസ്താവനയെന്നും ഖുശ്‍ബു പ്രതികരിച്ചു. തുടര്‍ന്നാണ് ബിജെപി തിരുമാവളവനെതിരെ പരാതി നല്‍കിയതും തിരുമാവളവന്‍റെ നേതൃത്വത്തില്‍ 'മനുസ്മൃതി' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതും ആ പ്രതിഷേധം തെരുവിലെത്തിയതും.

Tags:    

Similar News