ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

71 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്

Update: 2020-10-28 07:26 GMT
Advertising

ബിഹാർ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് തുടരുന്നു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് ഏഴു ശതമാനത്തോളം പേർ വോട്ടു ചെയ്തു. 71 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാവിലെ മന്ദഗതിയിലായിരുന്നു, പോളിങ്ങ്. പത്തു മണി വരെ പത്തു ശതമാനത്തിൽ താഴെ. കാര്യമായ അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഔറംഗബാദ് ജില്ലയിലെ ദിബ്രയിൽ പോളിങ് ബൂത്ത് പരിസരത്തു നിന്ന് ബോംബുകൾ കണ്ടെടുത്തു. മാവോയിസ്റ്റ് സ്വാധീന മേഖലയാണിത്. ചില ബൂത്തുകളിൽ വോട്ടിങ്ങ് മെഷീൻ തകരറായതിനെ തുടർന്ന് പോളിങ്ങ് തുടങ്ങാൻ വൈകിയിരുന്നു.

1066 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവരിൽ ഏഴു സംസ്ഥാന മന്ത്രിമാരുണ്ട്. 37 മണ്ഡലങ്ങൾ എൻ.ഡി.എയുടെതും 34 എണ്ണം മഹാ സഖ്യത്തിൻ്റെയും സിറ്റിങ്ങ് സീറ്റുകളാണ്. 71 ൽ 61 മണ്ഡലങ്ങളും മാവോയിസ്റ്റ് ഭീഷണിയുള്ള റെഡ് അലർട്ട് മണ്ഡലങ്ങളാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടിങ്ങ്. വൈകീട്ട് 6ന് സമാപിക്കും. അതേ സമയം, രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവർ റാലികളിൽ പങ്കെടുക്കുന്നുണ്ട്.

അയോധ്യയിൽ നാം രാമക്ഷേത്രം പണിയുന്നു. നേരത്തെ ക്ഷേത്ര നിർമ്മാണത്തിന്‍റെ തിയതി ചോദിച്ചിരുന്നവർ നിലവിൽ പ്രശംസിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ദർബംഗയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

Tags:    

Similar News