49 ദിവസത്തിന് ശേഷം 5 മിനുറ്റ്; മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍ അഭിഭാഷകനുമായി സംസാരിച്ചു

യു.പിയിൽ ജയിലിൽ കഴിയുന്ന കാപ്പന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമിനിറ്റോളമാണ് വക്കീൽ അഡ്വ.വിൽസ് മാത്യുസുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്

Update: 2020-11-18 15:48 GMT
Advertising

ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന് 49 ദിവസത്തിന് ശേഷം അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ലഭിച്ചു. യു.പിയിൽ ജയിലിൽ കഴിയുന്ന കാപ്പന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമിനിറ്റോളമാണ് വക്കീൽ അഡ്വ.വിൽസ് മാത്യുസുമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്. സുഖമായി ഇരിക്കുന്നതായും മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞതായി - വില്‍സ് മാത്യൂസ് പറഞ്ഞു. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാനോ വക്കാലത്തിൽ ഒപ്പിടാനോ അനുവാദമുണ്ടായിരുന്നില്ല. വക്കീൽ ദിവസങ്ങളായി കാപ്പനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. കെ.യു.ഡബ്ല്യു.ജെ അഭിഭാഷകനാണ് വില്‍സ് മാത്യുസ്

സിദ്ദീഖ് കാപ്പന്‍റെ അറസ്റ്റ് സമയം തെറ്റായി രേഖപ്പെടുത്തിയെന്നും രാവിലെ 10.20 ന് അറസ്റ്റിലായിട്ടും വൈകീട്ട് നാല് മണിയെന്ന് രേഖപ്പെടുത്തിയെന്നും അഭിഭാഷകന്‍ വില്‍സ് മാത്യു പറഞ്ഞു. ഇക്കാര്യം സിദ്ദീഖ് കാപ്പന്‍ പറഞ്ഞതായും അഡ്വ. വില്‍സ് മീഡിയാവണിനോട് പറഞ്ഞു.

കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അവസരം ഒരുക്കണമെന്ന് ജേണലിസ്റ്റ് യൂണിയന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കാപ്പൻ അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെ കഴിഞ്ഞ മാസം അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News