'പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു': കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി

പഴുതുകൾ ഉള്ള നിയമത്തിൽ ഭേദഗതിക്ക് നില്‍ക്കാതെ പൂർണമായി പിൻവലിക്കണമെന്ന് കർഷകർ

Update: 2020-12-15 12:23 GMT
Advertising

കാർഷിക നിയമത്തെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ആഗ്രഹിച്ച പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയതെന്നും പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ഗുജറാത്തിൽ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ പേരുകൾ മാറ്റി ഭേദഗതി വരുത്താനാണ് സർക്കാർ നിലവിൽ ആലോചിക്കുന്നത്. അതേസമയം പഴുതുകൾ ഉള്ള നിയമത്തിൽ ഭേദഗതിക്ക് നില്‍ക്കാതെ പൂർണമായി പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

കർഷക സമരം ശക്തമാകവെ, കാർഷിക നിയമങ്ങളെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി. കർഷകരും പ്രതിപക്ഷവും കാലങ്ങളായി ഉന്നയിക്കുന്ന പരിഷ്കാരമാണ് നടപ്പിലാക്കിയത് എന്നാണ് വിശദീകരണം. ചരിത്രപരമായ കാൽവെപ്പ് സർക്കാർ നടത്തിയപ്പോൾ പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും ഗുജറാത്തിലെ കച്ചിൽ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

നിയമങ്ങളുടെ പേര് മാറ്റി നേരത്തെ നിർദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി പുതിയ മുഖം നൽകാനാണ് സർക്കാർ ആലോചന. ഇതിനെ കർഷകർ രൂക്ഷമായി വിമർശിച്ചു. ഡൽഹി - ആഗ്ര, ഡൽഹി - ജയ്‌പൂർ ദേശീയപാതകൾ ഉപരോധിക്കുന്നിടത്തേക്ക് സ്ത്രീകളടങ്ങുന്ന കർഷകരുടെ സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം ജാർഖണ്ഡിലെ സാരെകാലെയിൽ നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പ്രചരണ പരിപാടികൾക്ക് ബിജെപി തുടക്കം കുറിച്ചു. രാജ്യത്തുടനീളം ബിജെപി 700 യോഗങ്ങൾ സംഘടിപ്പിക്കും.

Tags:    

Similar News