വോട്ട് ജിഹാദ് പരാമർശം; കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനും എസ്പി നേതാവ് മറിയ ആലമിനുമെതിരെ കേസ്

സൽമാൻ ഖുർഷിദിന്റെ അനന്തരവളാണ് മറിയ ആലം. സൽമാൻ ഖുർഷിദ് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി.

Update: 2024-04-30 16:17 GMT
Advertising

ന്യൂഡൽഹി: ബിജെപി സർക്കാരിനെ പരാജയപ്പെടുത്താൻ നിലവിലെ സാഹചര്യത്തിൽ വോട്ട് ജിഹാദ് വേണമെന്ന പരാമർശത്തിൽ കോൺഗ്രസ്‌ നേതാവ് സൽമാൻ ഖുർഷിദിനും എസ്പി നേതാവ് മറിയ ആലം ഖാനുമെതിരെ കേസെടുത്ത് പൊലീസ്. യു.പിയിലെ ഫറൂഖാബാദിലെ തെരഞ്ഞെടുപ്പ് റാലിയിൽ മറിയ ആലം ഖാനാണ് വിവാദ പരാമർശം നടത്തിയത്. സൽമാൻ ഖുർഷിദ് ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി.

ഖുർഷിദിന്റെ അനന്തരവളാണ് മറിയ ആലം. "ബുദ്ധിയോടെ, വൈകാരികമായല്ലാതെ നിശബ്ദമായി നമുക്ക് ഒരുമിച്ച് വോട്ട് ജിഹാദ് ചെയ്യേണ്ടതുണ്ട്. ഈ സംഘി സർക്കാരിനെ തുരത്താൻ നമുക്ക് മുന്നിൽ വോട്ട് ജിഹാദ് മാത്രമേ വഴിയുള്ളൂ. നമുക്ക് കൈകോർക്കേണ്ട സമയമാണിത്. അല്ലാത്തപക്ഷം നമ്മുടെ അസ്തിത്വം തുടച്ചുനീക്കുന്നതിൽ ഈ സംഘി സർക്കാർ വിജയിക്കും"- എന്നായിരുന്നു മറിയ ആലമിന്റെ പരാമർശം.

ഇൻഡ്യ മുന്നണി സ്ഥാനാർഥി നവൽ കിഷോർ ശാക്യ കൈംഗഞ്ചിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മറിയ ആലമിന്റെ വാക്കുകൾ. "ഭരണഘടനയും ജനാധിപത്യവും ഭീഷണിയിലാണെന്ന് ആളുകൾ പറയുന്നു. എന്നാൽ ഞാൻ പറയുന്നത് മാനവികത ഭീഷണിയിലാണ് എന്നാണ്. ഇപ്പോൾ മാനവികതയ്ക്കു നേരെ ആക്രമണം നടക്കുന്നു. നിങ്ങൾക്ക് രാജ്യത്തെയും അതിൻ്റെ സൗന്ദര്യത്തെയും ഗംഗ- യമുന സംസ്കാരത്തേയും സംരക്ഷിക്കണമെങ്കിൽ ആരുടെയും സ്വാധീനത്തിൽ പെടാതെ വളരെ ബുദ്ധിപരമായി വോട്ട് ചെയ്യുക"- അവർ വിശദമാക്കി.

വീഡിയോ വൈറലായതിന് പിന്നാലെ മറിയ ആലമിനും സൽമാൻ ഖുർഷിദിനുമെതിരെ ഫറൂഖാബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരുവർക്കുമെതിരെ ഐപിസി 188, 295 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

അതേസമയം, മറിയ ആലം നടത്തിയ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആ വാക്കിന്റെ അർഥം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു. "ജിഹാദ് എന്നാൽ ഒരു സാഹചര്യത്തിനെതിരെ പോരാടുക എന്നാണ്. ഭരണഘടന സംരക്ഷിക്കാൻ വോട്ട് ജിഹാദ് നടത്തുക എന്നതായിരിക്കണം അവർ ഉദ്ദേശിച്ചത്"- ഖുർഷിദിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News