പ്രസവം കഴിഞ്ഞിട്ടും വിശ്രമമില്ല, 16 മണിക്കൂർ ജോലി; വൈറലായി യുവതിയുടെ വീഡിയോ

'മാനേജർ അവളുടെ ജീവിതം നരകതുല്യമാക്കി' എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്

Update: 2026-02-01 09:46 GMT

ന്യൂഡൽഹി: കോർപറേറ്റ് സംസ്കാരത്തിലെ ചൂഷണങ്ങളെയും തൊഴിലിടങ്ങളിലെ സമ്മർദങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ഗുഡ്ഗാവിലെ ഒരു യുവാവ് പങ്കുവെച്ച വീഡിയോ. പ്രസവം കഴിഞ്ഞ് അധികകാലമാകാത്ത തന്റെ ഭാര്യ പുലർച്ചെ 1:30-ന് ലാപ്ടോപ്പിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'മാനേജർ അവളുടെ ജീവിതം നരകതുല്യമാക്കി' എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.

തൊഴിലിടങ്ങളിലെ ടോക്സിക് സാഹചര്യങ്ങൾ തുറന്നുകാട്ടുന്നതാണ് ഈ ദൃശ്യങ്ങൾ. ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ ചാർട്ടേഡ് അക്കൗണ്ടൻസി പാസായ വ്യക്തിയാണ് തന്റെ ഭാര്യയെന്നും, എന്നാൽ ജോലിഭാരം കാരണം ഇപ്പോൾ അവൾ സ്വന്തം കഴിവിൽ പോലും സംശയിക്കുന്ന അവസ്ഥയിലാണെന്നും ഭർത്താവ് വീഡിയോയിൽ പറയുന്നു. പ്രസവശേഷമുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയിൽ നിന്ന് എങ്ങനെയാണ് പ്രതിദിനം 16 മണിക്കൂർ ജോലി പ്രതീക്ഷിക്കാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നത്.

Advertising
Advertising

കുഞ്ഞിനെ നോക്കുന്നതിനൊപ്പം ഇത്രയധികം സമയം ജോലി ചെയ്യേണ്ടി വരുന്നത് ഒരു സ്ത്രീയുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും എങ്ങനെ ബാധിക്കുമെന്ന് വീഡിയോ ചൂണ്ടിക്കാണിക്കുന്നു. സങ്കീർണമായ ഓഡിറ്റ് റിപ്പോർട്ടുകൾ തയാറാക്കാൻ കഴിവുള്ള ഒരാളെ, അമ്മയാകുന്നതോടെ ജോലിയിൽ കഴിവില്ലാത്തവളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് നിലവിലെ കോർപറേറ്റ് രീതികളെന്ന് അദ്ദേഹം വിമർശിക്കുന്നു. ഒരു അമ്മയെ പിന്തുണയ്ക്കാൻ കഴിയാത്ത തൊഴിലിടങ്ങൾ ഒരിക്കലും ആഗോള നിലവാരമുള്ളവയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി പേർ യുവാവിനും ഭാര്യയ്ക്കും പിന്തുണയുമായി രംഗത്തെത്തി. ഇത് ഒരു പുതിയ അമ്മയുടെ മാത്രം പ്രശ്നമല്ലെന്നും, ആർക്കും പുലർച്ചെ ഒരു മണി വരെ ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും പലരും കമന്റ് ചെയ്തു. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ നേരിടുന്ന സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് ഒട്ടനവധി സ്ത്രീകളും ഈ ചർച്ചയിൽ പങ്കുചേർന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News