കൊൽക്കത്ത: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബജറ്റ് ജനവിരുദ്ധവും സ്ത്രീവിരുദ്ധവും കർഷക വിരുദ്ധവും വിദ്യാഭ്യാസ വിരുദ്ധവുമാണെന്ന് മമത കുറ്റപ്പെടുത്തി. ദിശാബോധവും കാഴ്ചപ്പാടുമില്ലാത്ത ബജറ്റിൽ സാധാരണക്കാരന് ഒന്നുമില്ലെന്നും പട്ടികജാതി- വർഗ, ഒബിസി വിഭാഗങ്ങളെ പൂർണമായും അവഗണിച്ചെന്നും മമത പറഞ്ഞു.
ബജറ്റിൽ ബംഗാളിന് ഒരു ചില്ലിക്കാശ് പോലും അനുവദിച്ചിട്ടില്ല. ഇതൊരു 'ഹംപ്റ്റി ഡംപ്റ്റി ബജറ്റ്' ആണ്. ധനമന്ത്രി നിർമല സീതാരാമന്റെ ഒമ്പതാമത്തെ റെക്കോഡ് ബജറ്റ് അവതരണത്തിനു പിന്നാലെ ഇന്ത്യൻ വിപണികളിൽ വലിയ ഇടിവുണ്ടായതായും മമത ചൂണ്ടിക്കാട്ടി. ബജറ്റിൽ പ്രധാന മേഖലകൾക്കുള്ള വിഹിതം വെട്ടിക്കുറച്ചതായും മമത കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരേയും അവഗണിച്ചു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രത്തിന്റേതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കേരളത്തിനും കടുത്ത അവഗണനയാണ് ബജറ്റിലുണ്ടായത്. വികസന പദ്ധതികളിലൊന്നും സംസ്ഥാനം ഇടംപിടിച്ചില്ല. ധാതു ഖനന ഇടനാഴിയും കടലാമ സംരക്ഷണത്തിനുള്ള പദ്ധതിയുമാണ് ആകെ കേരളത്തിന് ലഭിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും ഇത്തവണ കേരളത്തിന് കിട്ടിയില്ല.
ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞു. പൂനെ - മുംബൈ, പൂനെ- ഹൈദരാബാദ്, ബംഗളുരു- ചെന്നൈ, ഹൈദരാബാദ്- ബംഗളൂരു, ഹൈദരാബാദ്- ചെന്നൈ, ഡൽഹി- വാരണാസി, വാരണാസി- സിലിഗുരി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തെ അഗണിച്ചതിൽ സംസ്ഥാനത്ത് നിന്നുള്ള എംപിമാർ പ്രതിഷേധിച്ചു.
അതേസമയം, അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചരിത്രപരമായ ബജറ്റാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ സ്ത്രീശക്തിയുടെ ശാക്തീകരണ സാന്നിധ്യമാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നത്. 2047ഓടെ നടപ്പിലാകുന്ന വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള അടിത്തറയാണ് ഈ വർഷത്തെ ബജറ്റ്. ധനമന്ത്രി ഒരു പുതിയ റെക്കോഡ് സൃഷ്ടിച്ചെന്നും ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും മോദി അഭിപ്രായപ്പെട്ടു.