ദീപക് കുമാറിന് നേരെ കൊലവിളിയുമായി ബജ്‌റംഗ് ദള്‍; വീടിന് നേരെ ആക്രമണ ശ്രമം
മുസ്‌ലിം കടയുടമയെ ഭീഷണിപ്പെടുത്തുന്നത് തടഞ്ഞതിന് പിന്നാലെ തനിക്ക് വ്യാപക ഭീഷണി ഉയര്‍ന്നതായി ദീപക് കുമാര്‍ പറയുന്നു
ഡെറാഡൂണ്‍: കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുസ്‌ലിം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഹീറോയായ ജിം ഉടമ ദീപക് കുമാറിന് നേരെ ഭീഷണി. വീടിന് നേരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണ ശ്രമവും നടത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ ദീപക് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പേര് ചോദിച്ചപ്പോള്‍ 'മുഹമ്മദ് ദീപക്' എന്ന് മറുപടി നല്‍കിയ സംഭവം ഏറെ കൈയടി നേടിയിരുന്നു.
കടയുടമയെ ഭീഷണിപ്പെടുത്തുന്നത് തടഞ്ഞതിന് പിന്നാലെ തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക ഭീഷണി ഉയര്‍ന്നതായി ദീപക് കുമാര്‍ പറയുന്നു. കോട്ദ്വാറിലെ ദീപക് കുമാറിന്റെ വീടിന് മുന്നിലെത്താനും ദീപക്കിനെ 'ഒരു പാഠം പഠിപ്പിക്കാനും' ബജ്‌റംഗ് ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആക്രമണ സാധ്യതയുണ്ടെന്ന് ദീപക് പൊലീസിനെ വിവരം അറിയിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നിങ്ങളായിരിക്കുമെന്നും അധികൃതരെ അറിയിച്ചു.
തൊട്ടടുത്ത ദിവസം രാവിലെ ഒരുകൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീട്ടിനു മുന്നിലെത്തി. മുദ്രാവാക്യം വിളിച്ചും ദീപക്കിനെയും വീട്ടുകാരെയും അധിക്ഷേപിച്ചും ഇവര്‍ ഏഴ് മണിക്കൂറോളം വീടിന് മുന്നില്‍ തുടര്‍ന്നു. 'അവര്‍ എന്റെ അമ്മയെയും സഹോദരിയെയും കുടുംബത്തെയാകെയും അധിക്ഷേപിച്ചു. എന്നാല്‍, അധികൃതര്‍ ഒന്നും ചെയ്തില്ല' -ദീപക് പറയുന്നു. രണ്ട് മണിക്കൂറോളം പൊലീസ് തന്നെ ഒരു സെല്ലില്‍ അടച്ചതായും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ഒരുകൂട്ടം ആളുകള്‍ വരുമ്പോള്‍ തന്നെ ഉള്ളിലിടുകയാണോ വേണ്ടതെന്ന് ദീപക് ചോദിക്കുന്നു.
ദീപക്കിന്റെ ജിമ്മിന് പുറത്തും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി. ദീപക്ക് പേടിച്ചോടിയെന്നും, ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പരസ്യമായി പറഞ്ഞ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചു. എന്നാല്‍, താന്‍ എങ്ങോട്ടും പോയിട്ടില്ലെന്ന് ദീപക് പറഞ്ഞു. 'നമ്മുടെ രാജ്യത്തിന് വേണ്ടത് സ്‌നേഹവും അനുകമ്പയുമാണ്. വിദ്വേഷമല്ല. സ്‌നേഹം പ്രചരിപ്പിക്കുകയെന്നത് വലിയ കാര്യമാണ്' -വീഡിയോയില്‍ ദീപക് പറയുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ ദീപക്കിന്റെ ധീരതയ്ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ദീപക്കിനെ പോലുള്ള കരുത്തും ധൈര്യവുമുള്ള യുവാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. 'എന്റെ പേര് മുഹമ്മദ് ദീപക്' എന്ന മറുപടി ട്രെന്‍ഡിങ്ങായി.
ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു സംഭവങ്ങളുടെ തുടക്കം. 70കാരനായ വകീല്‍ അഹ്മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന വാക്ക് മാറ്റണമെന്നായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്‌ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു അക്രമികളുടെ വാദം. ഇക്കാര്യം പറഞ്ഞ് കടയിലെത്തി ഇവര്‍ ഭീഷണിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തുകൊണ്ടാണ് മാറ്റണമെന്ന് പറയുന്നതെന്നും ദീപക് ചോദിച്ചു. പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക്ക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം എന്നുകൂടി ദീപക്ക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.