എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയാകണം; മാരിയമ്മന് ചെറുവിരല്‍ കാണിക്ക നല്‍കി ഡി.എം.കെ പ്രവര്‍ത്തകന്‍

വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ 66കാരനെതിരെ പൊലീസ് കേസെടുത്തു.

Update: 2021-04-04 08:34 GMT
Advertising

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ വിജയിക്കാന്‍ മാരിയമ്മന് ചെറുവിരല്‍ കാണിക്കയായി സമര്‍പ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. വിരുദനഗർ സ്വദേശിയും നിർമാണ തൊഴിലാളിയുമായ ഗുരുവയ്യ എന്ന 66കാരനാണ് പാര്‍ട്ടി അധികാരത്തിലെത്താനും എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാനും വേണ്ടി സാഹസം കാട്ടിയത്.

എല്ലാതവണയും ഗുരുവയ്യ, ഇരുകൻഗുഡി മാരിയമ്മൻ കോവിലിന് മുന്നിലെത്തി പ്രാർഥിക്കാറുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് രാവിലെയും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. ഇതിനു പിന്നാലെ ഇടതുകൈയിലെ ചെറുവിരൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

അടുത്തുണ്ടായിരുന്നവര്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗുരുവയ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡി.എം.കെയുടെയും എം.കെ സ്റ്റാലിന്‍റെയും കടുത്ത ആരാധകനാണ് ഗുരുവയ്യ. 2011ലും 2016ലും തന്‍റെ ആരാധനാപാത്രമായ സ്റ്റാലിൻ മുഖ്യമന്ത്രിയാകാത്തത് ഗുരവയ്യയെ കടുത്ത നിരാശനാക്കിയിരുന്നു.

കലൈഞ്ജര്‍ കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം ദ്രാവിഡ രാഷ്ട്രീയം ഇനിയെങ്ങോട്ടെന്ന നിര്‍ണായക സമസ്യയ്ക്കാണ് തമിഴ്നാട്ടില്‍ ഈ തെരഞ്ഞെടുപ്പ് ഉത്തരം നല്‍കുന്നത്. അധികാരം നിലനിര്‍ത്താന്‍ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം ശ്രമിക്കുമ്പോള്‍ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുമെന്ന സര്‍വേഫലങ്ങളാണ് ഡി.എം.കെ സഖ്യത്തിന്‍റെ ആത്മവിശ്വാസം.

കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യവും ടി.ടി.വി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും അങ്കത്തട്ടില്‍ സജീവമാണ്. കേരളത്തിനൊപ്പം ഏപ്രില്‍ ആറാം തീയതിയാണ് തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News