ളാഹ ഗോപാലൻ - വിടപറഞ്ഞത് ഭൂബന്ധങ്ങളുടെ ജാതിയെ ഉണർത്തിയ വിപ്ലവകാരി

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ളാഹ മറികടന്നത് അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു.

Update: 2021-09-22 13:07 GMT
Advertising

ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ വിടവാങ്ങി. കേരളത്തിലെ ഭൂസമരങ്ങളിലെ ഇതിഹാസമാണ് യാത്രയായത്. ഭൂപരിഷ്കരണത്തിൻറെ പൊള്ളത്തരങ്ങളെയും ഭൂബന്ധങ്ങളുടെ രാഷ്ട്രീയത്തെയും കേരളത്തിൻറെ യുവ തലമുറയിലേക്ക് സന്നിവേശിപ്പിച്ച സമര നായകനായിരുന്നു ളാഹ.

എ.കെ.ജിയുടെ മിച്ചഭൂമി സമരത്തിന് ശേഷവും മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിന് ശേഷവും കേരളത്തിൽ ഭൂപ്രശ്നങ്ങളെ ചർച്ചയാക്കിയത് ചെങ്ങറ സമരമാണ്. ആധുനിക കേരളത്തിലെ ഭൂസമരങ്ങളുടെ പ്രചോദനവും വിത്തും ചെങ്ങറ സമരം തന്നെയാണ് എന്നതിൽ തർക്കമേതുമില്ല. ളാഹ ഗോപാലന്‍റെ സാമൂഹ്യ പ്രവർത്തന ചരിത്രവും ചെങ്ങറ സമരചരിത്രവും തമ്മിൽ വേർതിരിച്ചെടുക്കാനാവാത്ത ബന്ധമാണ്.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2006 ല്‍ ആദ്യം ളാഹ ഗോപാലൻ രൂപം നൽകിയ 'സാധുജന വിമോചന സംയുക്ത വേദി'യുടെ നേതൃത്വത്തിൽ പത്തനംതിട്ടയിലെ ഹാരിസൺ ഉടമസ്ഥതയിലുള്ള ളാഹ എസ്റ്റേറ്റിൽ ആണ് ഭൂരഹിതർ കുടിൽ കെട്ടി സമരം ആരംഭിച്ചത്. കേരളത്തിലെ ഭൂരഹിതർക്ക് രണ്ടര ഏക്കർ ഭൂമി നൽകുക എന്നതായിരുന്നു സമരാവശ്യം. സമരം നടന്നുകൊണ്ടിരിക്കെയാണ് കേരളത്തിൽ പൊതു തെരെഞ്ഞെടുപ്പുണ്ടാകുന്നതും ഇടതു സർക്കാർ അധികാരത്തിൽ വരുന്നതും.

എന്നാൽ 2007 ഓഗസ്റ്റ് 4 ന് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിലേക്ക് സമരം പുതിയ രൂപത്തിലും ഭാവത്തിലും മാറ്റി സ്ഥാപിച്ചു. അയ്യായിരത്തോളം ഭൂരഹിത കുടുംബങ്ങള്‍ എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് രാത്രി 11 മണിക്ക് കൈയേറി കുടിൽ കെട്ടിയത്.

ഈ സമരത്തെ നേരിടാൻ ഹാരിസൺ കമ്പനിയുടെ ഗുണ്ടകളും സി.ഐ.ടി.യു, ബി.എം.എസ്, ഐൻ.ടി.യു.സി തുടങ്ങിയ ട്രേഡ് യൂണിയനുകളും സി.പി.എമ്മും സംയുക്തമായി സമരഭൂമി ഉപരോധിച്ചു. കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ ഭൂരഹിതരോടുള്ള വഞ്ചനയും കോർപ്പറേറ്റുകളുമായുള്ള ബന്ധവും മറനീക്കി പുറത്തുകൊണ്ടുവരുന്നതിന് ചെങ്ങറ സമരവും ളാഹ ഗോപാലനും കാരണമായി.

ഒരു ഒത്തു തീർപ്പിനും വഴങ്ങാതെ കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയ സമര സംഘാടനം എന്നതിൽ ളാഹ ഗോപാലന്‍റെ നേതൃമികവ് തികവുറ്റത് തന്നെയായിരുന്നു. കെ.എസ്.ഇ.ബിയിൽ നിന്ന് വോളന്‍ററി റിട്ടയർമെൻറ് വാങ്ങി അദ്ദേഹം പൊതുപ്രവർത്തനത്തിനറങ്ങിയത് തന്നെ കേരളത്തിലെ സവർണ്ണാധിപത്യം സംവിധാനങ്ങളുടെ ചട്ടക്കൂടുകളെ പൊളിച്ചെഴുതുക എന്ന ദൃഢനിശ്ചയത്തോടെയായിരുന്നു.

ഭൂപരിഷ്കരണത്തിലൂടെ കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്ന കർഷക തൊഴിലാളിക്കല്ല ലഭിച്ചതെന്നും കേരളത്തിലെ ഭൂരഹിതർ ബഹുഭൂരിപക്ഷവും ദലിത് സമൂഹത്തിൽ പെട്ടവരാണെന്നും കേരളത്തെ ബോധ്യപ്പെടുത്താനുള്ള ഉജ്വല ശ്രമങ്ങളായിരുന്നു അദ്ദേഹത്തിൻറെ പിന്നീടുള്ള ജീവിതം മുഴുവൻ.

ചെങ്ങറ സമരത്തിനു നേരെ നടക്കുന്ന എല്ലാ അക്രമങ്ങളേയും സഹന സമര സ്വഭാവത്തിലാണ് പ്രതിരോധിക്കേണ്ടതെന്ന് സമര സമൂഹത്തെ പഠിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. സമരത്തിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള സമര സംഘത്തെ വളർത്തെയടുക്കാനും കഴിഞ്ഞു. ലോകമാകെ ശ്രദ്ധനേടിയ സമരത്തെ നിൽക്കക്കള്ളിയില്ലാതെ കേരള സർക്കാരിന് അഡ്രസ് ചെയ്യേണ്ടി വന്നു.

2009 ഒക്ടോബർ 5-ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് ചെങ്ങറ സമരം അവസാനിപ്പിച്ചു എങ്കിലും, ളാഹ ഗോപാലൻ ഒത്തു തീർപ്പ് കരാറിൽ തൃപ്തനല്ലായിരുന്നു. രാവണനെ വീഴ്ത്താൻ വിഭാഷണനെ ഉപയോഗിച്ച സവർണ്ണ തന്ത്രമാണ് ഈ ഒത്തു തീർപ്പിലേക്ക് സമരത്തെ എത്തിച്ചത് എന്ന് അദ്ദേഹം പിന്നീട് പല സന്ദർഭങ്ങളിലും പറയാറുണ്ടായിരുന്നു. വലിയ വിഭാഗം ആളുകൾ ഒത്തു തീർപ്പ് കരാറനുസരിച്ച് സമരഭൂമി വിട്ടെങ്കിലും ഇപ്പോഴും സമരം തുടരുന്നുണ്ട്. ചെങ്ങറ സമരക്കരാറിലൂടെ ഭൂമി ലഭിച്ചവർ ഇപ്പോൾ നേരിടുന്ന ദുരനുഭവം അദ്ദേഹം മുൻകൂട്ടി പറഞ്ഞിരുന്നു.

സി.പി.എം പക്ഷത്ത് നിന്ന് ഏറെ ആരോപണങ്ങളാണ് ളാഹയ്ക്ക് നേരെ ഉയർന്നത്. അതിനെയെല്ലാം അദ്ദേഹം മറികടന്നത് അംബേദ്കറുടെയും അയ്യങ്കാളിയുടെയും ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ടാണ്. ളാഹ ഗോപാലൻ ചെങ്ങറ സമര നേതാവ് മാത്രമല്ല കേരളം മറന്ന ഭൂപ്രശ്നത്തെ ബോധമണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വിപ്ലവകാരിയാണ്.

കേരളത്തിലെ ഭൂമിയുടെ ജാതിയെ കൃത്യമായി കണക്കുകളിലൂടെ ചൂണ്ടിക്കാട്ടിയ സാമൂഹ്യ പരിഷ്കർത്താവാണ് ളാഹ ഗോപാലന്‍. എന്തൊക്കെ വിയോജിപ്പ് പറഞ്ഞാലും കേരളത്തിലെ കോർപ്പറേറ്റുകളുടെ കൈയേറ്റത്തെയും ഭൂ രാഹിത്യത്തെയും കൃത്യമായി കേരളത്തെ ഓർമിപ്പിച്ച ളാഹ ഗോപാലൻ കേരളത്തിലെ ദലിത് ഉണർവ്വുകൾക്കും ഭൂസമരങ്ങൾക്കും എന്നും വലിയ പ്രചോദനമാകും എന്നതിൽ സംശയമേതുമില്ല.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

Contributor - സജീദ് ഖാലിദ്

contributor

Similar News