75ൽ ഇന്ദിരയെ അയോഗ്യയാക്കി, 80ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരമേറി- ചരിത്രം തിരുത്തുമോ രാഹുല്‍ ?

1980ൽ. 529 സീറ്റിൽ 353ലും വിജയിച്ചാണ് ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തിയത്.

Update: 2023-03-24 10:36 GMT

അപകീർത്തി കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പ്രകാരം രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്തിരിക്കുകയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ്. ഭരണഘടനയിലെ വകുപ്പ് 102(1), ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് എട്ട് പ്രകാരമാണ് കോൺഗ്രസ് നേതാവിന് അയോഗ്യത കൽപ്പിച്ചത്. കോടതി ഉത്തരവ് വന്ന വ്യാഴാഴ്ച മുതൽ തന്നെ അംഗം അയോഗ്യനാണ് എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. വയനാട്ടിൽനിന്നുള്ള ലോക്‌സഭാംഗമാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വന്നത് എന്ന രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം. പരാമർശം മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണ് എന്നാരോപിച്ച് ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. വിധിക്കെതിരെ അപ്പീൽ സർപ്പിക്കാൻ കോടതി രാഹുലിന് മുപ്പതു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Advertising
Advertising

രാഹുൽ ഗാന്ധിക്കെതിരെയുള്ള അയോഗ്യതാ വിജ്ഞാപനം കോൺഗ്രസ് വൃത്തങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നതിൽ തർക്കമില്ല. വിധി വന്നതോടെ തന്നെ രാഹുൽ അയോഗ്യനായി എന്ന് ചില നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇത്ര തിടുക്കത്തിൽ നടപടി കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. അയോഗ്യത കൽപ്പിക്കാത്ത സാഹചര്യത്തിൽ ഇന്ന് രാഹുൽ പാർലമെന്റിലെത്തുകയും കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇന്ദിരയുടെ അയോഗ്യത

1975 ജൂൺ 12നായിരുന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ അലഹബാദ് ഹൈക്കോടതി വിധി. 1971ൽ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള ഇന്ദിരയുടെ ജയം അസാധുവാണ് എന്നാണ് ചരിത്രപ്രധാന വിധിയിൽ ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ വിധിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറു വർഷത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇന്ദിരയുടെ വിജയം എന്നാണ് ജസ്റ്റിസ് സിൻഹ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. വിധിയുടെ ആഘാതം 1975 ജൂൺ 25 മുതൽ 1977 മാർച്ച് 12 വരെ നീണ്ടു നിന്ന അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. എതിർസ്ഥാനാർത്ഥിയും സോഷ്യലിസ്റ്റ് നേതാവുമായ രാജ് നാരായണാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.

1977ലെ പൊതു തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് അധികാരം നഷ്ടമായി. 542 അംഗ സീറ്റിൽ 295 സീറ്റിൽ വിജയിച്ച് ജനതാപാർട്ടി സഖ്യം അധികാരത്തിലെത്തി. സ്വന്തം മണ്ഡലമായ റായ്ബറേലിയിൽ ഇന്ദിരയും അമേഠിയിൽ മകൻ സഞ്ജയ് ഗാന്ധിയും തോറ്റു. ജനാധിപത്യത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥയ്ക്ക് ജനം കൊടുത്ത ശിക്ഷ. കോൺഗ്രസിന്റെ അംഗബലം 198 കുറഞ്ഞ് 154ലെത്തി.

രണ്ടു വർഷത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പെത്തി, 1980ൽ. 529 സീറ്റിൽ 353ലും വിജയിച്ചാണ് ഇന്ദിരയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തിയത്. ജഗ്ജീവൻ റാമിന്റെ ജനതാപാർട്ടിക്ക് 31 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ചരൺസിങ്ങിന്റെ ജനതാ പാർട്ടി (സെക്യുലർ) നേടിയത് 41 സീറ്റ്.

രാഹുലിന് തിരിച്ചുവരാനാകുമോ?

ഇന്ത്യ കണ്ട ഏറ്റവും മികച്ച കാൽനടയാത്രകളിലൊന്നായ ഭാരത് ജോഡോക്ക് ശേഷം പുതിയ രാഹുൽ ഗാന്ധിയെയാണ് രാജ്യം കണ്ടുകൊണ്ടിരുന്നത്. 'പഴയ രാഹുലിനെ ഞാൻ കൊന്നു' എന്ന് രാഹുൽ തന്നെ ഒരുഘട്ടത്തിൽ പ്രസ്താവന നടത്തിയിരുന്നു. ജോഡോ യാത്ര വൻവിജയമായത് കോൺഗ്രസിനകത്ത് പുത്തനുണർവ് പകരുക മാത്രമല്ല, പാർട്ടിക്ക് ജീവൻ നൽകുകയും ചെയ്തു.  പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖമായി രാഹുല്‍ വരുന്ന സാഹചര്യവുമുണ്ടായി. 

യാത്രയ്ക്ക് പിന്നാലെ രാഹുൽ നടത്തിയ വിദേശ യാത്രയിൽ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ബിജെപിയെ ചൊടിപ്പിച്ചിരുന്നു. വളഞ്ഞ വഴിയിൽ രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കാൻ വരെ ബിജെപി ശ്രമം നടത്തിയ വേളയിലാണ് സൂറത്ത് കോടതി വിധി വരുന്നത്.

ചരിത്രത്തിൽ ഇന്ദിര നടത്തിയതു പോലുള്ള ഒരു തിരിച്ചുവരവ് രാഹുൽ നടത്തുമോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ നിലവിലെ സംഘടനാ ശേഷി വച്ച് കോൺഗ്രസിന് അതിനാകില്ലെന്ന് വിലയിരുത്തുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരിൽ മിക്കവരും. 1980ൽ ഇന്ദിര അധികാരം പിടിച്ചപ്പോൾ യുപി, ബിഹാർ, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലെ മിക്ക സീറ്റുകളും പിടിച്ചടക്കിയത് കോൺഗ്രസായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വോട്ടുവിഹിതത്തിൽ കോൺഗ്രസിന്റെ പ്രകടനം ഭേദപ്പെട്ടതായിരുന്നു.

ഇന്ന് അതല്ല സ്ഥിതി. മുകളിൽ പറഞ്ഞ മിക്ക സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്. മാത്രമല്ല, 2019ലെ തെരഞ്ഞെടുപ്പിൽ 19 ശതമാനം വോട്ടാണ് കോൺഗ്രസിന് രാജ്യത്തുടനീളം ലഭിച്ചത്. വിജയിച്ചത് 52 സീറ്റിൽ. അധികാരത്തിലെത്തിയ ബിജെപിക്ക് കിട്ടിയത് 37.7 ശതമാനം വോട്ടാണ്. വിജയിച്ച സീറ്റ് 303.

ഒരു ഇന്ദിരയാകാൻ രാഹുലിന് എളുപ്പമല്ലെന്ന് ചുരുക്കം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News