ഗോളടിച്ച് 39കാരൻ പെപേ; നോക്കൗട്ടിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമെന്ന റെക്കോഡ്

37കാരനായ റൊണാൾഡോയുടെ പകരക്കാരനായ യുവതാരം ഗോൺസാലോ റാമോസ് രണ്ട് ഗോളുകളടിച്ചു

Update: 2022-12-06 20:24 GMT
Advertising

ദോഹ: സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പകരക്കാരുടെ ബെഞ്ചിലിരിക്കെ ഗോളടിച്ച് 39കാരനായ നായകൻ പെപേ. 37കാരനായ റൊണാൾഡോയുടെ പകരക്കാരനായ യുവതാരം ഗോൺസാലോ റാമോസ് രണ്ട് ഗോളുകളടിച്ചു. ഇന്ന് ഗോളടിച്ചതോടെ പെപേയെ തേടി വലിയൊരു റെക്കേഡെത്തി. നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന എക്കാലത്തെയും പ്രായമേറിയ താരമായാണ് പെപേ മാറിയത്. 39 വർഷവും 283 ദിവസവുമാണ് താരത്തിന്റെ പ്രായം. പെപേ ഗോൾ നേടിയതോടെ അഭിനന്ദിക്കാനായി റൊണാൾഡോ ഗ്രൗണ്ടിൽ ഓടിയെത്തി.

റാമോസും പെപേയും ഗോളടിച്ചതോടെ സുപ്രധാന പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യപകുതിയിൽ സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗലിന് ഇരട്ട ഗോൾ ലീഡ് നേടി. ജാവോ ഫെലിക്സിന്റെ അസിസ്റ്റിൽ മത്സരത്തിന്റെ 17ാം മിനുട്ടിലാണ് ഗോൺസാലോ റാമോസ് ഗോളടിച്ചത്. സുപ്രധാന അന്താരാഷ്ട്ര മത്സരത്തിൽ തന്നെ ഗോൾ നേടിയിരിക്കുകയാണ് ഈ 21 കാരൻ. ഫെലിക്സിൽ നിന്ന് ത്രോ ഇൻ വഴി പന്ത് സ്വീകരിച്ച് പോസ്റ്റിന്റെ മുകളിലെ ഇടതുമൂലയിലേക്ക് അടിച്ചിടുകയായിരുന്നു. 32ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസെടുത്ത പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപേയുടെ ഗോൾ. അതിനിടെ 43ാം മിനുട്ടിൽ സ്വിറ്റ്സർലൻഡിന്റെ ഫാബിയൻ സഞ്ചർ മഞ്ഞക്കാർഡ് കണ്ടു. ഫെലിക്സിനെ ഫൗൾ ചെയ്തതിനാണ് നടപടി നേരിട്ടത്.

2008ന് ശേഷം ആദ്യമായാണ് സുപ്രധാന ടൂർണമെൻറിൽ ആദ്യ ഇലവനിൽ റൊണാൾഡോയില്ലാതെ പോർച്ചുഗൽ ഇറങ്ങുന്നത്. പോർച്ചുഗൽ 4-3-3 ഫോർമാറ്റിലും സിസ് പട 4-2-3-1 ഫോർമാറ്റിലുമാണ് കളിക്കുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 12.30 മുതലാണ് മത്സരം.

29ാം മിനുട്ടിൽ സ്വിസ്സർലൻഡിന് ലഭിച്ച ഫ്രീകിക്ക് ഷാക്കിരിയാണെടുത്തത്. പക്ഷേ ഗോളി തട്ടിയകറ്റി.

പോർച്ചുഗൽ:

ഡിഗോ കോസ്റ്റ, ഡിഗോ ഡാലോട്ട്, റൂബെൻ ഡിയാസ്, പെപേ (ക്യാപ്റ്റൻ), റാഫേൽ ഗ്വറേറിയോ, ബെർണാഡോ സിൽവ, വില്യം കാർവൽഹോ, ഒടാവിയ, ബ്രൂണോ ഫെർണാണ്ടസ്, ജോ ഫെലിക്സ്, ഗോൺസാലോ റാമോസ്. കോച്ച് : ഫെർണാണ്ടോ സാന്റോസ്.

സ്വിറ്റ്സർലൻഡ്:

യാൻ സോമ്മെർ, എഡിമിൽസൺ ഫെർണാണ്ടസ്, മാന്വൽ അകൻഞ്ചി, റികാർഡോ റോഡിഗ്രസ്, ഫാബിയാൻ സാഞ്ചർ, റെമോ ഫ്രയിലെർ, ഗ്രാനിത് ഷാക്ക (ക്യാപ്റ്റൻ), ദിജിബ്രിൽ സോ, റൂബൻ വർഗാസ്, ഷർദാൻ ഷാഖിരി, ബ്രീൽ എംബോള. കോച്ച്: മുറാദ് യാകിൻ.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പ്രീക്വാർട്ടറിലേക്ക് പോർച്ചുഗലിൻറെ വരവ്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു പറങ്കിപ്പട. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ ഞെട്ടുകയായിരുന്നു. സ്വിസ് പൂട്ട് പൊട്ടിക്കാൻ കെൽപ്പുണ്ട് പോർച്ചുഗലിന്. കൊറിയക്കെതിരെയും ഘാനക്കെതിരെയും വീണു പോയ പ്രതിരോധമാണ് ആശങ്ക. മധ്യനിരയിൽ കാര്യമായ പ്രശ്‌നങ്ങളില്ല. ബ്രൂണോ ഫെർണാണ്ടസും, ബെർണാഡോ സിൽവയും, ജാവോ ഫെലിക്‌സും അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

രണ്ട് തവണ മാത്രമെ പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നിട്ടുള്ളൂ. 1966ലും 2006ലുമായിരു അത്. നോക്കൗട്ടിൽ വീഴുക എന്നതാണ് കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലായി പോർച്ചുഗലിൽ നിന്നുണ്ടാകുന്നത്. ഇക്കുറിയെങ്കിലും അതിന് മാറ്റം വരുത്താനുള്ള തീവ്ര പ്രയത്നത്തിലാണ് പറങ്കിപ്പട.

Portugal defender Pepe is now the oldest ever player to score in a knockout stage game at FIFAWorldCup 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News