അനുമതിയില്ലാതെയാണ് ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്, ജീവനക്കാരുടെ ഇമെയിലുകള്‍ പുറത്ത്

ഫേസ്ബുക്കിന്റെ സല്‍പേരിന് തന്നെ കളങ്കം വരുത്താന്‍ സാധ്യതയുള്ള നീക്കമാണിതെന്ന് ജീവനക്കാര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ കച്ചവട സാധ്യത ലക്ഷ്യം വെച്ച് ഉന്നതര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍

Update: 2018-12-06 12:56 GMT
Advertising

ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തുന്നതായുള്ള ആരോപണം മാര്‍ച്ചിലാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് വലിയ തോതിലുള്ള വിമര്‍ശമാണ് ഫേസ്ബുക്കിന് നേരിടേണ്ടി വന്നത്. അനുമതിയില്ലാതെ ചോര്‍ത്തില്ലെന്നായിരുന്നു അപ്പോഴെല്ലാം ഫേസ്ബുക്ക് ന്യായമായി പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഫേസ്ബുക്ക് ജീവനക്കാര്‍ തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ തന്നെ അങ്ങനെയല്ല കാര്യങ്ങളെന്നതിന്റെ തെളിവായി മാറിയിരിക്കുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട ഇമെയില്‍ സന്ദേശങ്ങളുടെ വിശദാംശങ്ങളിലാണ് ഫേസ്ബുക്കിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്. ഫേസ്ബുക്ക് ജീവനക്കാര്‍ തമ്മില്‍ നടന്ന ഇമെയില്‍ സന്ദേശങ്ങള്‍ പുറത്തുവന്നതാണ് കമ്പനിക്ക് തിരിച്ചടിയായിരിക്കുന്നത്. 2015ല്‍ ഫേസ്ബുക്കിലെ ജീവനക്കാര്‍ തമ്മിലെ ഇമെയിലുകളാണ് പുറത്തായത്.

ഫേസ്ബുക്കിന്റെ സല്‍പേരിന് തന്നെ കളങ്കം വരുത്താന്‍ സാധ്യതയുള്ള നീക്കമാണിതെന്ന് ജീവനക്കാര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അപകടസാധ്യതകള്‍ക്കപ്പുറത്തെ കച്ചവട സാധ്യത ലക്ഷ്യം വെച്ച് ഫേസ്ബുക്കിലെ ഉന്നതര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നുവെന്നും ഇമെയില്‍ സന്ദേശത്തിലുണ്ട്.

ലോഗ് സ്‌ക്രാപ്പിംങ് എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന ഇത്തരം വിവരചോര്‍ത്തലുകള്‍ പിന്നീട് ഫേസ്ബുക്കിന് തീര്‍ത്താല്‍ തീരാത്ത നാണക്കേടും കളങ്കവുമുണ്ടാക്കിയെന്നത് മറ്റൊരു വസ്തുത. ഉപയോക്താക്കള്‍ ഫേസ്ബുക്ക് ആപ്ലിക്കഷന്‍ അപ്‌ഡേറ്റ് ചെയ്യുമ്പോഴാണ് ഇത്തരം കുത്തിത്തിരിപ്പ് പ്രോഗ്രാമുകള്‍ കൂടി കമ്പനി കൂട്ടിച്ചേര്‍ത്തിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സാധാരണ പോലെ ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്ത ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ തന്നെ ഫേസ്ബുക്ക് ചോര്‍ത്തുകയായിരുന്നു.

ഫേസ്ബുക്കിലെ 'People You May Know' ഓപ്ഷന്റെ കാര്യക്ഷമത തന്നെ ഇത്തരം ചോര്‍ത്തിയെടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കിയിട്ടായിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഈ ഓപ്ഷന്‍ എങ്ങനെയാണ് ഫേസ്ബുക്കില്‍ വര്‍ക്ക് ചെയ്യുന്നതെന്ന ചോദ്യം 2016ല്‍ തന്നെ വിവാദമായിരുന്നു. തുടക്കത്തില്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് പുതിയ സൗഹൃദനിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നായിരുന്നു ഫേസ്ബുക്ക് വിശദീകരിച്ചത്. എന്നാല്‍ പിന്നീട് ഫേസ്ബുക്ക് തന്നെ അങ്ങനെയല്ലെന്ന കുറ്റസമ്മതവും നടത്തി.

Tags:    

Similar News