എക്‌സിൽ ആ 'കളി' ഇനി നടക്കില്ല; പോസ്റ്റിനും റിപ്ലൈ ചെയ്യുന്നതിന് പണം ഈടാക്കാനൊരുങ്ങുന്നു

പുതുതായി എക്‌സിൽ അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കാനാണ് കമ്പനി ഒരുങ്ങുന്നത്

Update: 2024-04-16 10:49 GMT
Editor : rishad | By : Web Desk

ന്യൂയോര്‍ക്ക്: എക്‌സിന്(പഴയ ട്വിറ്റർ) പണം ഈടാക്കാനുള്ള നീക്കങ്ങളുമായി കമ്പനി മേധാവി എലോൺ മസ്‌ക് മുന്നോട്ട്‌പോകാൻ തുടങ്ങിയിട്ട് കുറച്ചായി. ഇതുസംബന്ധിച്ച വാർത്തകളൊക്കെ സജീവമാകുമെങ്കിലും പിന്നീട് അപ്‌ഡേഷനൊന്നും ഉണ്ടാവില്ല. ഇപ്പോഴിതാ പുതുതായി എക്‌സിൽ അക്കൗണ്ട് തുടങ്ങുന്നവരിൽ നിന്ന് പണം ഈടാക്കാൻ കമ്പനി ഒരുങ്ങുന്നു.

മേധാവി മസ്‌ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബോട്ടുകളും വ്യാജ അക്കൗണ്ടുകൾ തടയുന്നതിനും അതുവഴി എക്‌സിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുമാണ് പണം ഈടാക്കുന്നത്. ചെറിയ രീതിയിൽ പണം ഈടാക്കിത്തുടങ്ങിയാൽ വ്യാജന്മാർ പിന്നെ ഈ വഴിക്ക് വരില്ലെന്നാണ് മസ്‌ക് കണക്കുകൂട്ടുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്യുന്നതിനും ലൈക്ക്, റിപ്ലൈ എന്നിവയ്ക്കുമായിരിക്കും പണം കൊടുക്കേണ്ടിവരിക.

Advertising
Advertising

അതേസമയം പുതിയ അക്കൗണ്ടുകളിൽ നിന്ന് മറ്റു പ്രൊഫൈലുകൾ തെരയുന്നതിനോ മറ്റുള്ളവരെ ഫോളോ ചെയ്യുന്നതിനോ അവരുടെ പോസ്റ്റ് വായിക്കുന്നതിനോ പണം കൊടുക്കേണ്ടതില്ല. എന്നുമുതൽ പുതിയ സംവിധാനം തുടങ്ങാനാകുമെന്നതിനെക്കുറിച്ചും എത്ര പണം ഈടാക്കാം എന്നത് സംബന്ധിച്ചൊന്നും മസ്‌ക് വ്യക്തമാക്കുന്നില്ല. അതേസമയം ന്യൂസിലാൻഡ്, ഫിലിപ്പൈൻസ് എന്നിവിടങ്ങിൽ പരിക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ പണം ഈടാക്കുന്നുണ്ട്.

ഇങ്ങനെ പണം ഈടാക്കിയിട്ടും വ്യാജന്മാരെ എത്രകണ്ട് തുരത്താനായി എന്നത് സംബന്ധിച്ചൊന്നും വ്യക്തമായ റിപ്പോർട്ടുകളില്ല. ന്യൂസിലന്‍ഡില്‍ 1.75 ഡോളറാണ് ഈടാക്കിയിരുന്നത്. യുഎസില്‍ ഇത് അവതരിപ്പിക്കപ്പെട്ടാല്‍ 1 യുഎസ് ഡോളര്‍ ആയിരിക്കും നിരക്ക് എന്നാണ് കരുതുന്നത്. അതേസമയം വ്യാജ അക്കൗണ്ടുകളെ കണ്ടെത്തി തുരത്താൻ ഈ മാസം ആദ്യം എക്‌സിന്റെ കീഴിൽ വൻ ദൗത്യം അരങ്ങേറിയിരുന്നു. ഇതിന്റെ ഫലമായി പല ആളുകൾക്കും ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇങ്ങനെ കുറഞ്ഞതൊക്കെ വ്യാജ അക്കൗണ്ടുകളായിരുന്നു.

എക്‌സ് നേരിടുന്ന വലിയ വെല്ലുവിളിയാണ് ബോട്ട് അക്കൗണ്ടുകള്‍. ഓണ്‍ലൈന്‍ കാമ്പയിനുകള്‍ക്കും തട്ടിപ്പുകള്‍ക്കുമായാണ് ബോട്ടുകള്‍ അധികവും ഉപയോഗിക്കുന്നത്. ഇവയെ നിയന്ത്രിച്ചാല്‍ കമ്പനിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാകും എന്നാണ് മസ്ക് കരുതുന്നത്. അതേസമയം എക്സില്‍ എത്ര ബോട്ടുകളുണ്ട് എന്നത് സംബന്ധിച്ചൊന്നും മസ്കിനോ കമ്പനിക്കോ ധാരണയില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News