ശാസ്ത്ര പരീക്ഷണം പാളിയതിനെ തുടര്‍ന്ന് സ്ഫോടനം; 11 വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു

ഇവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

Update: 2022-11-22 07:26 GMT
Editor : Jaisy Thomas | By : Web Desk
Advertising

സിഡ്നി: സിഡ്നിയിലെ പ്രൈമറി സ്കൂളില്‍ നടത്തിയ ശാസ്ത്ര പരീക്ഷണം പാളിയതിനെ തുടര്‍ന്ന് 11 വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റു. സോഡിയം ബൈകാർബണേറ്റും മീഥൈലേറ്റഡ് സ്പിരിറ്റും ഉപയോഗിച്ചുള്ള പരീക്ഷണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് പരിക്കേറ്റത്. ഇവരില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

സിഡ്‌നിയിലെ മാൻലി വെസ്റ്റ് പബ്ലിക് സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. മുഖത്തും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെ വെസ്റ്റ്മീഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ റോഡ് മാർഗവും മറ്റൊരാളെ ഹെലികോപ്റ്റർ വഴിയുമാണ് ആശുപത്രിയിലെത്തിച്ചതെന്ന് 1 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിസാര പരിക്കേറ്റ അഞ്ച് കുട്ടികളെ റോയൽ നോർത്ത് ഷോർ ആശുപത്രിയിലും മറ്റ് നാല് പേരെ നോർത്തേൺ ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീശിയടിച്ച കാറ്റാണ് പരീക്ഷണത്തെ പ്രതികൂലമായി ബാധിച്ചതെന്ന് എന്‍.എസ്.ഡബ്ള്യൂ ആംബുലൻസ് ആക്ടിംഗ് സൂപ്രണ്ട് ഫിൽ ടെമ്പിൾമാൻ പറഞ്ഞു. ''ഇത് സ്കൂളുകളില്‍ സാധാരണയായി നടക്കുന്ന പരീക്ഷണമാണ്. എന്നാല്‍ കാറ്റ് പരീക്ഷണത്തെ തടസപ്പെടുത്തിയെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 നും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മുഖം, നെഞ്ച്, അടിവയർ, കാലുകൾ എന്നിവയുൾപ്പെടെ ശരീരത്തിൽ പൊള്ളലേറ്റതായി സിഡ്നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സ് മൈതാനത്ത് പരീക്ഷണം നടക്കുമ്പോൾ കാറ്റടിച്ചതാണ് പ്രശ്നമായതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു വിദ്യാർത്ഥി 9 ന്യൂസിനോട് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News