ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കൊലക്ക് ഞങ്ങളുടെ ട്യൂഷന്‍ ഫീസിന്റെ വിഹിതം വേണ്ട; അമേരിക്കന്‍ കാമ്പസുകളില്‍ മുഴങ്ങുന്ന മുദ്രാവാക്യം

ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കയിലെ കാമ്പസുകളില്‍ തമ്പ് കെട്ടി സമരം നടത്തുന്ന തൊള്ളായിരത്തിലധികം വിദ്യാര്‍ഥികളെയാണ് അമേരിക്കന്‍ പൊലീസ് തുറുങ്കിലടച്ചത്. ഇത്തരം അറസ്റ്റുകളൊന്നും വിദ്യാര്‍ഥികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, വര്‍ധിതവീര്യത്തോടെ അവര്‍ സമരമുഖത്ത് സജീവമാകുന്നതാണ് കാണുന്നത്.

Update: 2024-04-30 08:40 GMT
Advertising

മാനവ സമൂഹം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത, സമാനതകളില്ലാത്ത ക്രൂരതകളാണ് ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയും ആഗോള രാഷ്ട്രങ്ങളും പല തരത്തിലുള്ള പിന്തുണയും വാഗ്ദാനങ്ങളും തുടരുന്നുണ്ട്. ഇതിനിടയില്‍ ലോകത്തെയാകെ പ്രക്ഷുബ്ധമാക്കാന്‍ സാധ്യതയുള്ള പ്രക്ഷോഭങ്ങളാണ് ഫലസ്തീന് അനുകൂലമായി അമേരിക്കയിലെ കാമ്പസുകളില്‍ അരങ്ങേറുന്നത്. ഫലസ്തീന്‍ പതാകകള്‍ വീശിയും, കഫിയ ധരിച്ചും, ഫലസ്തീന്‍ അനുകൂല, ഇസ്രായേല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കാട്ടിയുമുള്ള ചിത്രങ്ങള്‍ അമേരിക്കയില്‍ നിന്ന് വന്നു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ലോകം മുഴുവന്‍ ഉറക്കം നടിക്കുമ്പോള്‍ ഉറക്കമുണര്‍ന്ന് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാര്‍ഥി സമൂഹമെങ്കിലും ബാക്കിയുണ്ടാവുക എന്നത് പ്രതീക്ഷയാണ്. അമേരിക്കയിലെ കാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യം അതി ധ്രുതഗതിയില്‍ ഇതര കാമ്പസുകളിലേക്ക് പടരുന്നുണ്ടെന്നതും ഏറെ ആഹ്ലാദകരം തന്നെയാണ്. യു.എസില്‍ മാത്രം ഇതിനോടകം ഇരുപതോളം കാമ്പസിലേക്കാണ് പ്രക്ഷോഭങ്ങള്‍ പടര്‍ന്നത്.

ബെര്‍ലിനിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന കൂറ്റന്‍ പ്രതിഷേധ റാലികള്‍ക്ക് നടന്നു. യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലും സതേണ്‍ കാലിഫോര്‍ണിയയിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും പൊലീസ് നടപടിയുണ്ടാവുകയും ചെയ്തു. സെമിറ്റിക്ക് വിരുദ്ധമാണെന്ന രീതിയില്‍ ആക്ഷേപങ്ങള്‍ നടത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും വിലപോവുന്നില്ലെന്നതാണ് വാസ്തവം.

യുദ്ധം ആരംഭിച്ച ദിവസങ്ങളില്‍ തന്നെ അമേരിക്കയില്‍ പ്രതിഷേധങ്ങക്ക് തുടക്കമിട്ടിരുന്നു. യുദ്ധത്തിന്റെ സകലമാന സീമകളെയും ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിനെതിരെ വിദ്യാര്‍ഥികള്‍ ഏറെ കാലം നിരാഹാര സമരങ്ങലും കുത്തിയിരിപ്പ് സമരങ്ങളും നടത്തിയിരുന്നു. എന്നാല്‍, അതൊന്നും വേണ്ട രീതിയില്‍ ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നില്ല. ഫലസ്തീന്‍ അനുകൂല സമരത്തിന് നേതൃത്വം നല്‍കിയെന്ന കാരണത്താല്‍ ന്യൂയോര്‍ക്ക് പൊലീസ് അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ പുറത്താക്കിയതോടെയാണ് കാര്യങ്ങള്‍ കലങ്ങിമറിയുന്നത്. ഫലസ്തീനിലെ വംശഹത്യക്കെതിരെ അമേരിക്കയിലെ കാമ്പസുകളില്‍ തമ്പ് കെട്ടി സമരം നടത്തുന്ന തൊള്ളായിരത്തിലധികം വിദ്യാര്‍ഥികളെയാണ് അമേരിക്കന്‍ പൊലീസ് തുറുങ്കിലടച്ചത് എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം അറസ്റ്റുകളൊന്നും വിദ്യാര്‍ഥികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, വര്‍ധിതവീര്യത്തോടെ അവര്‍ സമരമുഖത്ത് സജീവമാകുന്നതാണ് കാണുന്നത്.

കേവലം പ്രതിഷേധങ്ങളല്ല, ഒട്ടേറെ ആവശ്യങ്ങളും വിദ്യാര്‍ഥി സംഘങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും ഇസ്രായേലില്‍ നിന്ന് യൂണിവേഴ്‌സിറ്റികള്‍ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങള്‍ സുതാര്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളില്‍ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്. ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ കൂട്ടെൈക്കലയില്‍ തങ്ങളുടെ ട്യൂഷന്‍ ഫീസിന്റെ പങ്കാളിത്തമുണ്ടാവരുതെന്നവര്‍ ശക്തമായി നിഷ്‌കര്‍ഷിക്കുന്നു. പകുതിവഴിയില്‍ പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ല എന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. ഓരോ ദിവസം കഴിയുമ്പോഴും വിദ്യാര്‍ഥികളുടെ സമരവീര്യം വര്‍ധിക്കുകയാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടും അവര്‍ സമരത്തില്‍ നിന്ന് പിന്മാറുന്നില്ല. ബെര്‍ലിനിലെ സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന കൂറ്റന്‍ പ്രതിഷേധ റാലികള്‍ക്ക് നടന്നു. യുണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലും സതേണ്‍ കാലിഫോര്‍ണിയയിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും പൊലീസ് നടപടിയുണ്ടാവുകയും ചെയ്തു. സെമിറ്റിക്ക് വിരുദ്ധമാണെന്ന രീതിയില്‍ ആക്ഷേപങ്ങള്‍ നടത്തി വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും വിലപോവുന്നില്ലെന്നതാണ് വാസ്തവം. 2005 ല്‍ ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ ആരംഭിച്ച ബോയ്‌ക്കോട്ട് ഡി വെസ്റ്റ്‌മെന്റ് സാന്‍ഷന്‍ - ബി.ഡി.എസ് മൂവ്മന്റാണ് ഇതിന് നേതൃതം നല്‍കുന്നത്. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ഇസ്രായേല്‍ കമ്പനികളിലേക്കുള്ള നിക്ഷേപങ്ങള്‍ തടയുക തുടങ്ങി ധാരാളം കാര്യങ്ങള്‍ പ്രസ്തുത സംഘടന ചെയ്തുപോരുന്നു. 


ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ റാലി

യഥാര്‍ഥ അമേരിക്ക ഫലസ്തിനിനൊപ്പമാണ് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സമരം നടത്തുമ്പോള്‍ ഇസ്രായേലിന് എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്യുന്ന ബൈഡന് ആശ്വാസത്തോടെ കിടന്നുറങ്ങുക സാധ്യമല്ല. കാരണം, രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിഭിന്നമായി പൗരസമൂഹം സംഘടിക്കുന്നതില്‍ വലിയ ചരിത്രമുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ വീര്യം എങ്ങനെ കെടുത്തിക്കളയാമെന്ന ആലോചനയിലാണ് വൈറ്റ് ഹൗസ് അധികൃതര്‍. ഒരു വട്ടമേശക്ക് ചുറ്റുമിരുന്ന് ചായ കുടിച്ച് ആശ്വാസവാക്കുകള്‍ പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന് ബൈഡനും നന്നായി അറിയാം. കാരണം, അമേരിക്കയിലെ പഴയ തലമുറയിലെ ആളുകളെ പോലെ അത്ര എളുപ്പമല്ല പുതിയ തലമുറയിലെ വിദ്യാര്‍ഥികളോട് സംവദിക്കാന്‍. ഫലസ്തീനിലെ മനുഷ്യര്‍ എന്തുകൊണ്ടും നീതി അര്‍ഹിക്കുന്നുവെന്ന് അവര്‍ക്ക് പൂര്‍ണബോധ്യമുണ്ട്.

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്നും ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങേണ്ടതുണ്ട്. ഫലസ്തീന്‍ ജനതയോട് ഇന്ത്യ എക്കാലത്തും സ്വീകരിച്ചിരുന്ന നിലപാടിനോട് യോജിച്ചതല്ല നരേന്ദ്ര മോദിയുടെ നിലപാട് എന്ന് ലോകത്തെ അറിയിക്കേണ്ടതുണ്ട്. സയണിസ്റ്റ് കുതന്ത്രങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്ന പ്രധാനമന്ത്രിയുടെ നയം ഇന്ത്യയുടെ ചരിത്രത്തിന് വിരുദ്ധമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തേണ്ട ധാര്‍മ്മികമായ ഉത്തരവാദിത്ത്വം വിദ്യാര്‍ഥികള്‍ക്കുണ്ട്. സയണിസ്റ്റ് ജൂത രാഷ്ട്രത്തെ രൂപീകരണ ഘട്ടത്തില്‍ തന്നെ എതിര്‍ക്കപ്പെട്ടവരില്‍ പ്രധാനിയായിരുന്നു മഹാത്മാഗാന്ധിയെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഇന്ത്യയിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണം. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലും അമേരിക്കയും ഒരുപോലെ തെറ്റുകാരാണ്. വെറുപ്പുളവാക്കുന്ന മതാന്ധത പ്രചരിപ്പിച്ച് ഏറെ കാലം ഒരു നാടിന് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് അധികാരികള്‍ക്ക് ബോധ്യപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനസ് ആലങ്കോള്‍

Writer

Similar News