അയോധ്യയും ഭരണഘടനയും മാധ്യമങ്ങളും

കഴിഞ്ഞയാഴ്ച നടന്ന രണ്ട് സംഭവങ്ങൾ--രണ്ട് ചടങ്ങുകൾ--ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തയാണ്. ഒന്ന് ഭരണഘടനാ ദിനം; മറ്റൊന്ന് അയോധ്യക്ഷേത്രത്തിൽ കൊടിയുയർത്തൽ. ഇത് രണ്ടും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി തുലനം ചെയ്താൽ ഇന്ത്യയുടെ മാറ്റം പിടികിട്ടും

Update: 2025-12-03 13:29 GMT

അയോധ്യയും ഭരണഘടനയും മാധ്യമങ്ങളും

കഴിഞ്ഞയാഴ്ച നടന്ന രണ്ട് സംഭവങ്ങൾ--രണ്ട് ചടങ്ങുകൾ--ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വാർത്തയാണ്. ഒന്ന് ഭരണഘടനാ ദിനം; മറ്റൊന്ന് അയോധ്യക്ഷേത്രത്തിൽ കൊടിയുയർത്തൽ. ഇത് രണ്ടും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി തുലനം ചെയ്താൽ ഇന്ത്യയുടെ മാറ്റം പിടികിട്ടും. നവംബർ 26ന് ഭരണഘടനാ ദിനം; തലേന്ന് ധ്വജാരോഹണം. വ്യത്യസ്ത സ്വഭാവമുള്ള സംഭവങ്ങളാണെങ്കിലും, ഹിന്ദി ഭാഷയുടെ മേധാവിത്വവും നരേന്ദ്ര മോഡി എന്ന വ്യക്തിക്ക് നൽകിയ പ്രാമുഖ്യവും രണ്ടിലുമുണ്ടായി. ഭരണഘടനാദിനത്തിൽ രാഷ്‌ട്രപതി പ്രസംഗിക്കുന്ന പടത്തിന് പോലും ഒരു പത്രം അടിക്കുറിപ്പിട്ടത് ചടങ്ങിൽ 'പ്രധാനമന്ത്രി മോദി സംബന്ധിക്കുന്നു' എന്നാണ്. സാധാരണ വാർത്താ യുക്തിയനുസരിച്ചും ഔദ്യോഗിക പ്രോട്ടോകോൾ പ്രകാരവും രാഷ്ട്രപതി സംബന്ധിക്കുന്ന ചടങ്ങിൽ രാഷ്ട്രപതിയെയാണ് എടുത്തുകാട്ടുക. 

Advertising
Advertising

സെക്യുലർ രാഷ്ട്രത്തിന്‍റെ ഭരണത്തലവനായ പ്രധാനമന്ത്രി ഭരണഘടനാ ദിനത്തിന്‍റെ തലേന്ന് അയോധ്യയിലെ രാമക്ഷേത്രച്ചടങ്ങിൽ മുഖ്യ കാർമികനായി. ഭരണഘടനയിലെ സെക്യുലർ മൂല്യങ്ങളുമായി ഇത് പൊരുത്തപ്പെടുമോ എന്ന് പരിശോധിക്കാൻ, ആ വശം ചിന്തിക്കാൻ പോലും, “ദേശീയ” മാധ്യമങ്ങൾക്കായില്ല. ഭരണഘടനാ പദവിയിലുള്ളയാൾ മതചടങ്ങിന് നേതൃത്വം വഹിച്ചതിൽ മാധ്യമങ്ങൾ ഒരു വൈരുധ്യവും കണ്ടില്ല. മതനിരപേക്ഷതക്ക് ഏൽപ്പിച്ച പരിക്കിനെപ്പറ്റി പരാമർശിച്ചില്ല. കഴിഞ്ഞവർഷം ജനുവരിയിൽ പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത്, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചപ്പോഴും കണ്ടിരുന്നു ഈ മാധ്യമ വിധേയത്വം.

അന്നും മാധ്യമക്കണ്ണുകൾ മോദിയിലായിരുന്നു. മുരളി മനോഹർ ജോഷി, എൽ. കെ അദ്വാനി തുടങ്ങിയവരെയൊക്കെ തഴഞ്ഞു. ജനാധിപത്യ-മതനിരപേക്ഷ-ഭരണഘടനയിൽ നിന്ന് ഇത് മതോന്മുഖ, വ്യക്തിപൂജാരീതിയിലേക്കുള്ള മാറ്റം. മാധ്യമങ്ങളുടെ ഈ പരിണാമം ബാബരി പള്ളിയിൽ നിന്ന് രാമക്ഷേത്രത്തിലേക്കുള്ള പരിണാമത്തിന്‍റെ വാർത്തകളിൽ നിഴലിച്ചു കാണാം: ചില ദേശീയ മാധ്യമങ്ങളിൽ പ്രത്യേകിച്ചും. ഒരുപാട് മാധ്യമങ്ങൾ ധർമം കൈയൊഴിഞ്ഞ് ഭരണകൂടത്തിന്‍റെ വക്താക്കളായി.

ചില സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളാണ് വസ്തുനിഷ്ഠമായി രണ്ടും റിപ്പോർട്ട് ചെയ്തത്. ദ ഇന്ത്യ കേബിൾ ധ്വജാരോഹണച്ചടങ്ങിലെ ഒരു വൈരുധ്യം ചൂണ്ടിക്കാട്ടി. ഭരണഘടനാ തത്ത്വങ്ങൾ മോദി ഭരണത്തിൽ എത്രത്തോളം പാലിക്കപ്പെട്ടുന്നുണ്ടെന്ന് ചിലർ പരിശോധിച്ചു.

Full View

ഇലക്ഷൻ: വീഴ്ചകളേറെ, തെളിവുകളേറെ, നടപടി പൂജ്യം

ആൾട്ട് ന്യൂസ് പോർട്ടലിൽ ഈയിടെ ഒരു വാർത്ത വന്നു. ബിഹാർ വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിരുന്നു. മറ്റു സംസ്ഥാനത്തുള്ളവരും ബിഹാറിൽ വന്ന് വോട്ട് ചെയ്തു എന്നാണ് ആ വാർത്ത. എസ്.ഐ.ആർ എന്ന വോട്ടർ പട്ടിക ശുദ്ധീകരണം കഴിഞ്ഞ ബിഹാറിലാണിത്. എന്നിട്ടും ഒരാൾക്ക് രണ്ടും മൂന്നും വോട്ട് ചെയ്യാൻ പറ്റുന്നതെങ്ങനെ? ഇരട്ട വോട്ടുകൾ കണ്ടുപിടിക്കാൻ ആൾട്ട് ന്യൂസ് പോലുള്ളവർക്ക് കഴിയുമ്പോഴും ഇലക്ഷൻ കമിഷന് കഴിയാത്തതെന്തുകൊണ്ട്?

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു തൊട്ടു ശേഷം പുറത്തുവിട്ട വോട്ടിങ് കണക്കും മണിക്കൂറുകൾ കഴിഞ്ഞ് പുറത്തുവിട്ട അന്തിമ വോട്ടിങ് കണക്കും തമ്മിൽ അസ്വാഭാവികമായ അന്തരമുണ്ടായി. 75 ലക്ഷം വോട്ടുകളുടെ വർധനവാണ് കണ്ടത്. വോട്ടിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകളിൽ ബാക്കിയായ നീണ്ട ക്യൂകളാണ് ഇതിന് കാരണമെന്ന് കമിഷൻ. അഡ്വക്കറ്റ് മഹ്മൂദ് പ്രാച ഇതിൽ നിയമപ്പോരാട്ടം നടത്തുന്നയാളാണ്. നീന വാസുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ജയിച്ച മിക്ക മണ്ഡലങ്ങളിലും കൃത്രിമം നടന്നു എന്നാണ്.

അനേകം വിദഗ്ധരും സംഘടനകളും തെരഞ്ഞെടുപ്പു കൃത്രിമങ്ങളെപ്പറ്റി ആരോപണങ്ങളും തെളിവുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. അവരിലൊരാളാണ് പറകാല പ്രഭാകർ. വോട്ട് ഫോർ ഡെമോക്രസി എന്ന സംഘടനയുടെ പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ ഈയിടെ അദ്ദേഹം പങ്കുവെച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ, കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ, ഇൻഡ്യാ സഖ്യം ഭരണത്തിലെത്തുമായിരുന്നു എന്ന്.

പ്രത്യേക തീവ്ര പരിശോധന (SIR) വേണ്ടത് വോട്ടർ പട്ടികക്കല്ല, ഇലക്ഷൻ കമിഷന്‍റെ പ്രവർത്തനരീതിക്കാണ്. 

Full View

വ്യാജവാർത്ത ചെറുക്കാൻ ഒരു കാലാവസ്ഥാ ഉച്ചകോടി

കോപ്പ് 30 എന്ന യു.എൻ ഉച്ചകോടി ബ്രസീലിൽ നടന്നു. കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാൻ യു.എൻ വിളിച്ചു ചേർക്കുന്ന കോൺഫറൻസ് ഓഫ് പാർട്ടീസിന്‍റെ ഒത്തുചേരൽ ബ്രസീലിലെ ബെലേമിലായിരുന്നു.

ആമസോൺ കാട് തിരിച്ചുപിടിക്കാനാകാത്ത വിധം നശിച്ചാൽ, മഞ്ഞു മലകൾ വീണ്ടെടുക്കാനാകാത്ത വിധം ഉരുകിത്തീർന്നാൽ, ജീവിവർഗങ്ങൾ കുറെ നശിച്ചു തുടങ്ങിയാൽ, അതെല്ലാം ഓരോ ടിപ്പിങ് പോയന്‍റാണ്. നാലോ അഞ്ചോ നിർണായക ടിപ്പിങ് പോയന്‍റുകളിൽ രണ്ടെണ്ണമെങ്കിലും പിടിവിട്ട തരത്തിൽ കടന്നുകഴിഞ്ഞിരിക്കുന്നു. പവിഴപ്പുറ്റുകളുടെ നാശവും ധ്രുവങ്ങളിലെ മഞ്ഞുരുക്കവുമാണ് നമ്മെ ആപത്തിലേക്ക് തള്ളും വിധം കടന്നു കഴിഞ്ഞ രണ്ട് ടിപ്പിങ് പോയന്‍റുകൾ.

ഈ ഘട്ടത്തിൽ നടന്ന കോപ് ഉച്ചകോടി നിർണായക തീരുമാനങ്ങളെടുക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ട്രംപിന്‍റെ അമേരിക്ക വിട്ടുനിന്നു. മൂർത്തമായ പരിഹാര നീക്കങ്ങൾ ഉണ്ടായില്ല. ഒരേയൊരു നേട്ടമെന്നു പറയാവുന്നത്, ഇത്തരക്കാരടക്കം പ്രചരിപ്പിക്കുന്ന വ്യാജങ്ങൾക്കെതിരെ പൊതു നിലപാട് സ്വീകരിച്ചു എന്നതാണ്.|

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News