ആണധികാരങ്ങൾക്കെതിരെയുള്ള ആത്മവിശ്വാസം ‘വിക്ടോറിയ’
ഈ ചിത്രം നേടിയത് അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ ആണ്
വിക്ടോറിയ സീക്രട്ട് എന്നൊരു ഇൻ്റർനാഷണൽ ബ്രാൻഡ് ഉണ്ട്.ഇന്റിമേറ്റ് വസ്ത്രങ്ങളുടെയും പ്രസ്റ്റീജ് സുഗന്ധങ്ങളുടേയും മേക്കപ്പ് സാമഗ്രികളുടെയും ആഗോള നേതാവാണ്. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത തിയറ്ററുകളിലെത്തിയ 'വിക്ടോറിയ ' എന്ന ചിത്രത്തെക്കുറിച്ചാണ്. നഗരത്തിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന വിക്ടോറിയ എന്ന പെൺകുട്ടിയുടെ ഒരു ദിവസത്തെ ജീവിതമാണ് സിനിമയിൽ. രാവിലെ പാർലറിൽ എത്തിച്ചേരുന്നതിനും അവിടെ നിന്ന് പോകുന്നതിനിടയിലുമുള്ള ഏതാനും ചില മണിക്കൂറുകൾ.
ബ്യൂട്ടിപാർലർ ഉടമയും അവിടെ സൗന്ദര്യസംരക്ഷണത്തിനായി എത്തുന്ന ഏതാനും സ്ത്രീകളും രണ്ട് മൂന്ന് സ്കൂൾ വിദ്യാർഥിനികളുമാണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ. ഒറ്റ ഒരു പുരുഷ കഥാപാത്രത്തെപ്പോലും സിനിമയിൽ നേരിട്ട് ദൃശ്യപ്പെടുത്തുന്നില്ല. നഗരത്തിൻ്റെ രാവിലെയിലേക്ക് വന്നിറങ്ങുന്ന വിക്ടോറിയ കയറുന്ന ബസ്സിലെയോ, നഗരത്തിലെയോ ഒരു ആണിനേയും ക്യാമറ രജിസ്റ്റർ ചെയ്യുന്നില്ല.
വിക്ടോറിയയുടെ കാമുകനായ പ്രജീഷ് ചില നേരം മൊബൈലിലെ വീഡിയോ ചാറ്റിൽ വരുന്നതും, ഓർമ്മകളിലെ വോയ്സ് ഓവറായുള്ള വിക്ടോറിയയുടെ അപ്പൻ്റെ ശബ്ദവും, പാർലറുടമയുടെ ഭർത്താവിൻ്റെ നിഴൽ രൂപം എന്നിവയല്ലാതെ യാതൊരു പുരുഷ കഥാപാത്രവും ഇതിലില്ല. അത് തന്നെ ഈ ചിത്രത്തിൻ്റെ സുപ്രധാനമായ സ്റ്റേറ്റ്മെൻ്റാണ്.
കൂടാതെ ഇതിലെ ഒരു മെറ്റഫർ ആയി സിനിമയുടെ ആദ്യാവസാനം മുതൽ ഒരു നേർച്ചക്കോഴി നിറഞ്ഞു നിൽക്കുന്നുണ്ട്. തന്നെ പലതരത്തിൽ ചുറ്റിവരിഞ്ഞിരിക്കുന്ന പൊതുബോധങ്ങളെ,ആണധികാരങ്ങളെ, വിലക്കുകളെ, പ്രതിസന്ധികളെ ഇവയെല്ലാത്തിനെയും മുറിച്ചു കടക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുകയാണവസാനം.
ഈ ചിത്രം നേടിയത് അന്തർദേശീയ ബഹുമതികൾ അടക്കം പന്ത്രണ്ട് അവാർഡുകൾ ആണ്.. 2024 ലെ ഐഎഫ്എഫ്കെ യിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം കെഎസ്എഫ്ഡിസി യാണ് നിർമ്മിച്ചത്. സ്ത്രീകൾക്ക് ഫണ്ട് നൽകുന്നതിൽ പരിമിതികൾ ഉണ്ടെന്ന് കോർപ്പറേഷൻ പറഞ്ഞ അവസരത്തിലാണ് ശിവരഞ്ജിനി ഈ ചിത്രമെടുത്ത് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. വിക്ടോറിയയായി വേഷമിട്ട മീനാക്ഷി ജയൻ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മീനാക്ഷിയെ കൂടാതെ ജോളി ചിറയത്ത്, ശ്രീഷ്മ ചന്ദ്രൻ, ദർശന വികാസ് , സ്റ്റീജ മേരി, ജീന രാജീവ്, രമാദേവി എന്നിവർ കൂടി ഇതിൽ വേഷമിട്ടിരിക്കുന്നു.