'ഫലസ്തീനൊപ്പം'; കാന്‍ ചലച്ചിത്രമേളയില്‍ കുഫിയ ഫ്രോക്ക് ധരിച്ച് അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദ്

ഫലസ്തീൻ വിഷയങ്ങളിൽ നേരത്തെ തന്നെ നിലപാടുകള്‍ തുറന്നു പറഞ്ഞയാളാണ് ബെല്ല

Update: 2024-05-27 08:03 GMT
Editor : Lissy P | By : Web Desk
Advertising

പാരീസ്: ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ കുഫിയ കൊണ്ട് നിർമിച്ച ഫ്രോക്ക് ധരിച്ച് മോഡൽ ബെല്ല ഹദീദ്. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് അമേരിക്കൻ സൂപ്പർ മോഡലായ ബെല്ല ഹദീദ് കാനിലെത്തിയത്. ചുവപ്പും വെള്ളയും കുഫിയകൊണ്ട് ഡിസൈൻ ചെയ്ത ഫ്രോക്കാണ് ബെല്ല ധരിച്ചിരുന്നത്.

'ഫലസ്തീനെ എന്നെന്നേക്കുമായി സ്വതന്ത്രമാക്കുക' എന്ന അടിക്കുറിപ്പോടെ ബെല്ല തന്റെ കാൻ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. നേരത്തെയും ഫലസ്തീൻ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് ഈ മോഡല്‍. 

തന്റെ ഫലസ്തീൻ-മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ചും നേരത്തെ ബെല്ല ഹദീദ് തുറന്നുപറഞ്ഞിരുന്നു. ഫലസ്തീൻ റിയൽ എസ്റ്റേറ്റ് വ്യവസായിയായ മുഹമ്മദ് ഹദീദും ഡച്ച് മോഡൽ യൊലാൻഡ ഹദീദുമാണ് ബെല്ലയുടെ മാതാപിതാക്കൾ. മുസ്‌ലിം സാമൂഹികാന്തരീക്ഷത്തിൽ വളരാനാകാത്തതിൽ ഖേദമുണ്ടെന്നു ബെല്ല പറഞ്ഞു. ഫലസ്തീൻ വിഷയങ്ങളെ പിന്തുണയ്ക്കുന്ന പേരിൽ ജോലി പോകുന്ന പേടി തനിക്കില്ലെന്നും  ബെല്ല മുമ്പ് വ്യക്തമാക്കിയിരുന്നു.

ഫലസ്തീനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റു പല ലേബലുകളുമാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പേരിൽ നിരവധി കമ്പനികൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു. നിരവധി സുഹൃത്തുകൾ തന്നെ പാടേ ഉപേക്ഷിച്ചെന്നും ബെല്ല അമേരിക്കൻ ഫാഷൻ മാഗസിനായ ജിക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫലസ്തീൻ സ്വത്വത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായാണ് കുഫിയ ഇന്ന് അറിയപ്പെടുന്നത്.

മൈക്കൽ സിയേഴ്‌സും ഹുഷിദാർ മൊർട്ടെസായിയും ചേർന്ന് സ്ഥാപിച്ച ന്യൂയോർക്ക് ആസ്ഥാനമായുള്ള ബ്രാൻഡായ മൈക്കൽ ആൻഡ് ഹുഷിയാണ് ബെല്ലയുടെ കുഫിയ ഫ്രോക്ക് ഡിനൈൻ ചെയ്തിരിക്കുന്നത്. ബെല്ലയുടെ കാനിലെ വസ്ത്രവും ഏറെ ശ്രദ്ധപിടിച്ചു പറ്റി.നിരവധി പേരാണ് ബെല്ലെയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

'ഞങ്ങളുടെ ഫലസ്തീനിയൻ രാജകുമാരി' എന്നാണ് ഒരാൾ എക്‌സിൽ കമന്റ് ചെയ്തത്. ഫലസ്തീൻ വേരുകളോടുള്ള അവരുടെ ആദരവിനെ സ്‌നേഹിക്കുന്നു എന്നായിരുന്നു മറ്റൊരാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വ്യക്തമായ ഉദ്ദേശത്തോടുകൂടിയതാണ് ഈ ഫാഷൻ എന്നായിരുന്നു മറ്റൊരു കമന്റ്.

കാൻ ചലചിത്ര മേളയിൽ മലയാളി നടി കനി കുസൃതിയും ഫലസ്തീൻ ഐക്യദാർഢ്യം അറിയിച്ചിരുന്നു. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിലെത്തിയത്. ഫെസ്റ്റിവലിൽ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ചിത്രം 'ഓൾ വെ ഇമാജിൻ ആസ് ലൈറ്റിന്റെ' വേൾഡ് പ്രീമിയർ വേദിയിലാണ് ഐക്യദാർഡ്യവുമായെത്തിയത്.

ഗ്രാന്റ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രമാണ് 'ഓൾ വെ ഇമാജിൻ ആസ് ലൈറ്റ്' സ്വന്തമാക്കുകയും ചെയ്തു. ബാർബി എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തി നേടിയ ഗ്രേറ്റ ഗെർവിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കനി കുസൃതി, ദിവ്യ പ്രഭ, ഛായാ ഖദം, ഹൃദ്ദു ഹാറൂൺ എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News