ബ്രെക്‌സിറ്റിൽ കൊലകൊമ്പനായി; മദ്യപ്പാർട്ടിയിൽ അടിതെറ്റി- രാഷ്ട്രീയ ട്വിസ്റ്റുകളുടെ ബോറിസ് കാലം

ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന കാടിളക്കിയ ബ്രെക്‌സിറ്റ് കാംപയിനിന്‍റെ മുഖങ്ങളിലൊന്നായിരുന്നു ബോറിസ് ജോൺസൻ. സ്വന്തം പാര്‍ട്ടിക്കാരനായ ഡെവിഡ് കാമറോണിനെ താഴെയിറക്കാന്‍ തെരേസാ മേയ്ക്ക് കൂട്ടായി നിന്നു. എന്നാല്‍, തീവ്രത പോരെന്ന് പറഞ്ഞ് മേയ്ക്ക് തന്നെ പുറത്തേക്കുള്ള വഴികാണിച്ചു ബോറിസ്. കാലത്തിന്‍റെ കാവ്യനീതിയെന്നോണം സ്വന്തം പാര്‍ട്ടിയില്‍നിന്നു തന്നെയുള്ള തൊഴുത്തില്‍കുത്തിനൊടുവില്‍ ഇപ്പോള്‍ ഇതാ ബോറിസ് ജോണ്‍സനും...

Update: 2022-07-07 16:41 GMT
Advertising

ലണ്ടൻ: 2012ലെ ലണ്ടൻ ഒളിംപിക്‌സ് കാലത്താണ് ബോറിസ് ജോൺസൻ ആഗോളമാധ്യമങ്ങളിൽ ഒരു താരമായി പ്രത്യക്ഷപ്പെടുന്നത്. ലണ്ടൻ മേയർ പദവിയിലിരുന്ന് ഒളിംപിക്‌സിനെ രാജകീയ അനുഭവമാക്കിമാറ്റിയ ബോറിസിന്‍റെ സംഘാടക മികവിനെ മാധ്യമങ്ങളും അന്താരാഷ്ട്ര സമൂഹവും ഒരുപോലെ വാഴ്ത്തി. എന്നാൽ, ആഗോളരാഷ്ട്രീയത്തിൽ ജോൺസൻ ഒരു കരുത്തനായ മുഖമായി വരുന്നത് അതുംകഴിഞ്ഞ് നാല് വർഷത്തിനുശേഷമാണ്. ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന് സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന കാടിളക്കിയ ബ്രെക്‌സിറ്റ് കാംപയിനിന്‍റെ മുഖങ്ങളിലൊന്നായി മാറി കണ്‍സര്‍വേറ്റീവ് നേതാവായ ബോറിസ് ജോൺസൻ.

സ്വന്തം പാര്‍ട്ടിക്കാരനായ ഡെവിഡ് കാമറോണിനെ താഴെയിറക്കാന്‍ തെരേസാ മേയ്ക്ക് കൂട്ടായി നിന്നു. എന്നാല്‍, തീവ്രത പോരെന്ന് പറഞ്ഞ് മേയ്ക്ക് തന്നെ പുറത്തേക്കുള്ള വഴികാണിച്ചു ബോറിസ്. കാലത്തിന്‍റെ കാവ്യനീതിയെന്നോണം സ്വന്തം പാര്‍ട്ടിയില്‍നിന്നു തന്നെയുള്ള തൊഴുത്തില്‍കുത്തിനൊടുവില്‍ ഇപ്പോള്‍ ഇതാ ബോറിസ് ജോണ്‍സനും...

കരുത്തനായ ബ്രെക്‌സിറ്റ് കാലം

2016ൽ സ്വന്തം പാർട്ടിക്കാരനായ അന്നത്തെ ബ്രിട്ടീഷ് പ്രധാമന്ത്രി ഡെവിഡ് കാമറോണിനെതിരെയായിരുന്നു തെരേസാ മേയ്‌ക്കൊപ്പം ബോറിസ് ജോൺസന്റെ പോരാട്ടം. ഇ.യുവിൽനിന്ന് രാജ്യത്തെ സ്വതന്ത്രമാക്കുക എന്ന പ്രചാരണവുമായി തെരേസാ മേയ്‌ക്കൊപ്പം ജോൺസൻ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വർഷമായിരുന്നു 2015ഉം 2016ഉം.

ഇരുവരുടെയും പ്രചാരണങ്ങൾക്ക് ബ്രിട്ടീഷ് ജനത ചെവികൊടുക്കുന്നതാണ് പിന്നീട് കണ്ടത്. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ ഒരു വികാരമാക്കി മാറ്റാൻ മേയ്ക്കും ബോറിസിനുമായി. അധികം വൈകാതെ 2016 ജൂൺ 23ന് ബ്രിട്ടീഷ് ചരിത്രത്തിലെ ആ നിർണായക വോട്ടെടുപ്പ് നടന്നു. ജനഹിത പരിശോധനയിൽ ഇ.യു വിടണമെന്ന വികാരത്തിനായിരുന്നു മേൽക്കൈ. കാമറോണിന് രാജിവച്ചിറങ്ങേണ്ടിവന്നു.

പിന്നാലെ തെരേസാ മേ പ്രധാനമന്ത്രിയായി അധികാരമേറ്റു. മന്ത്രിസഭയിൽ രണ്ടാമനെന്ന കരുത്തോടെ ബോറിസ് വിദേശകാര്യ മന്ത്രിയും. എന്നാൽ, ബോറിസ് മേയ്ക്ക് തന്നെ തലവേദനയായി മാറി. ബ്രെക്‌സിറ്റ് കാര്യത്തിൽ മേയ് തീവ്രത പോരെന്നായിരുന്നു വിഷയം. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ഇ.യുവുമായുണ്ടാക്കിയ കരാർ പാലിക്കുന്നതിലും മേയ്ക്ക് വീഴ്ചയുണ്ടായതോടെ അവരുടെ രാജിക്കായി മുറവിളിയുയർന്നു. ബോറിസ് മന്ത്രിസ്ഥാനം രാജിവച്ചു.

കൺസർവേറ്റീവ് പാർട്ടിയിലും ഭിന്നത രൂക്ഷമായി. തെരേസാ മേയെ പിന്തുണയ്ക്കുന്ന മൃദു ബ്രെക്‌സിറ്റ് വാദികളും ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള തീവ്ര ബ്രെക്‌സിറ്റ് വാദികളുമായി രണ്ടായി പിരിഞ്ഞു ടോറികൾ. ഇ.യുവുമായുള്ള കരാറുകൾ കൃത്യമായി പാലിച്ച് ഘട്ടംഘട്ടമായി ബ്രെക്‌സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന വാദക്കാരായിരുന്ന മേ വിഭാഗം. എന്നാൽ, ഒരു ഉടമ്പടിയുമില്ലാതെ ബ്രിട്ടൻ ഇ.യു വിടണമെന്ന് വാദിച്ചു ബോറിസും സംഘവും.

ഒടുവിൽ 2019 ജൂൺ ഏഴിന് മേയ്ക്ക് രാജിവച്ചൊഴിയേണ്ടിവന്നു. ജൂലൈ 23ന് ബോറിസ് കൺസർവേറ്റീവ് പാർട്ടി തലവനായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത ദിവസം ചെറിയ ഭൂരിപക്ഷത്തിന്റെ പിന്തുണയിൽ പ്രധാനമന്ത്രിയായും അധികാരമേറ്റു. ഇതേ വർഷം ഒക്ടോബർ 31ന് ഉടമ്പടിയേതുമില്ലാതെ ബ്രിട്ടൻ ഇ.യു വിടുകയാണെന്ന് പ്രഖ്യാപിച്ചു. എന്നാൽ, പാർട്ടിക്കകത്തു തന്നെ വിമതർക്ക് കരുത്തുള്ളതിനാൽ അക്കാര്യം നടപ്പാക്കുക ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല.

നവംബർ ആറിന് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബോറിസിന്റെ തീവ്ര ബ്രെക്‌സിറ്റ് നിലപാടിന് ജനം പച്ചക്കൊടി കാണിച്ചു. 80 സീറ്റിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

2020 ജനുവരി 23ന് ബ്രെക്‌സിറ്റ് കരാർ നിയമമായി ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചു. ആറു ദിവസം കഴിഞ്ഞ് ബ്രിട്ടീഷ് പാർലമെന്റ് അതിന് അംഗീകാരവും നൽകിയതോടെ ബ്രിട്ടൻ സമ്പൂർണമായി ഇ.യുവിൽനിന്ന് സ്വതന്ത്രമായി. ബോറിസിന്റെ ബ്രെക്‌സിറ്റ് പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമായി.

പണിതന്ന പാർട്ടി ഗെയ്റ്റ്

ലോകത്ത് കോവിഡ് എന്ന പേരിൽ പുതിയൊരു മഹാമാരി പടർന്നുപിടിക്കുന്നതും ഇതേ കാലത്തായിരുന്നു. ലോകരാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചു. ബ്രിട്ടനും കോവിഡിനെ ചെറുക്കാനുള്ള നടപടികൾ ആരംഭിച്ചു. കടുത്ത നടപടികളുമായി ലോക്ഡൗൺ പ്രഖ്യാപിച്ചു.

ഇടയ്ക്ക് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ശേഷം ആരോഗ്യവാനായി പുറത്തിറങ്ങി. എന്നാൽ, കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ബ്രിട്ടീഷ് പൗരന്മാർക്കിടയിൽ അമർഷം പുകഞ്ഞു. പലരും പ്രതിഷേധവുമായി തെരുവിലുമിറങ്ങി. അപ്പോഴും കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവിന് ബോറിസ് ഭരണകൂടം തയാറായില്ല.

എന്നാൽ, ബോറിസിന്റെ അധികാരവാഴ്ചയ്ക്ക് വെല്ലുവിളിയായി 2021 നവംബർ 30നാണ് പുതിയൊരു വെളിപ്പെടുത്തൽ വന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുകളും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്്ട്രീറ്റിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യപ്പാർട്ടികൾ നടന്നെന്നായിരുന്നു വെളിപ്പെടുത്തൽ. 2020 നവംബറിനും ഡിസംബറിനും ഇടയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനിടെയായിരുന്നു സർക്കാർ വസതികളിൽ പാർട്ടി നടന്നതെന്ന് ആരോപണമുയർന്നു. ആരോപണം ബോറിസിനുനേരെയും നീണ്ടതോടെ കാര്യങ്ങൾ പിടിവിട്ടു.

ബോറിസ് ആരോപണം ശക്തമായി നിഷേധിച്ചു. എന്നാൽ, ഒന്നല്ല നിരവധി തവണ ഡൗണിങ് സ്ട്രീറ്റിൽ പാർട്ടി നടന്നെന്ന റിപ്പോർട്ട് തുടർന്നുള്ള ദിവസങ്ങളിൽ പുറത്തുവന്നു. പാർട്ടി ഗെയ്റ്റ് എന്ന പേരിൽ വൻ രാഷ്ട്രീയ വിവാദമായി മാറി തുടർന്നുള്ള ദിവസങ്ങളിൽ സംഭവം. ഭരണനേതാക്കൾ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചത് ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രചാരണം ശക്തമാക്കി.

ഇതോടെ വിവാദത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ ബോറിസ് നിർബന്ധിതനായി. പിന്നാലെ അദ്ദേഹത്തിന്റെ ദീർഘകാല സഹായിയായിരുന്ന മുനീറ മിർസ സ്ഥാനമൊഴിഞ്ഞു. മുനീറയ്ക്കു പിന്നാലെ കൂടുതൽ ഉപദേഷ്ടാക്കൾ രാജിവച്ചിറങ്ങിയതോടെ ബോറിസിന്റെ നിലനിൽപ്പ് ചോദ്യത്തിലായി.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ മാധ്യമവാർത്തകൾ വെറും ആരോപണങ്ങളായിരുന്നില്ലെന്നു വ്യക്തമായി. പ്രധാനമന്ത്രിയുടെ വസതിയിലടക്കം 16 പാർട്ടികൾ നടന്നെന്നായിരുന്നു കണ്ടെത്തൽ. ബോറിസും ഇതിൽ പങ്കെടുത്തെന്ന കാര്യം വ്യക്തമായി. ലക്ഷക്കണക്കിനു മനുഷ്യർ ഉറ്റബന്ധുക്കളെ പോലും കാണാനാകാതെ വീടുകളിൽ ഒതുങ്ങിക്കഴിയാൻ നിർബന്ധിതരായ ഘട്ടത്തിൽ, ആയിരങ്ങൾ കോവിഡിൽ പിടഞ്ഞുവീണുകൊണ്ടിരുന്ന ഘട്ടത്തിൽ പ്രധാനമന്ത്രിയും സഹായികളും കുടിയുമായി കൂത്താടുകയായിരുന്നുവെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു.

ഒടുവിൽ ബോറിസിനെതിരെ പിഴ ചുമത്തി. ജനങ്ങളെ അഭിസംബോധന ചെയ്തു പരസ്യമായി മാപ്പുപറഞ്ഞു ബോറിസ്. നിയമം ലംഘിക്കുകയാണെന്ന ബോധത്തോടെയായിരുന്നില്ല പാർട്ടിയിൽ പങ്കെടുത്തതെന്ന് ന്യായീകരിക്കുകയും ചെയ്തു. പിന്നാലെ നടന്ന അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചെങ്കിലും ഒരു മാസം കഴിഞ്ഞ് പുതിയ വിവാദങ്ങൾ തലപൊക്കി. ഉപദേഷ്ടാക്കളടക്കമുള്ളവർ രാജി തുടർന്നു. സർക്കാർ വീണ്ടും പ്രതിസന്ധിയിലായി.

ഏറ്റവുമൊടുവിൽ ഡെപ്യൂട്ടി ചീഫ് വിപ്പ് ആയിരുന്ന ക്രിസ് പിഞ്ചറുമായി ബന്ധപ്പെട്ട ലൈംഗികാരോപണം കൂടി വന്നതോടെ സ്വന്തം പാർട്ടിക്കകത്തുനിന്ന് ബോറിസിനെതിരെ സമ്മർദം ശക്തമായി. ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞു. പിന്നാലെയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്, സാജിദ് ജാവിദ് എന്നിവർ രാജിവച്ചത്. മന്ത്രിമാർ, എംപിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ കൂടുതൽ പേർ രാജി പ്രഖ്യാപിച്ചു. മന്ത്രിമാരും എം.പിമാരും ഉദ്യോഗസ്ഥരും അടക്കം രാജിവച്ചവരുടെ എണ്ണം 50 കടന്നതോടെ നിൽക്കക്കള്ളിയില്ലാതായി പാർട്ടി നേതൃത്വവും പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു ബോറിസ് ജോൺസൻ.

Summary: Boris Johnson: From Brexit to Party gate

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - മുഹമ്മദ് ശഹീര്‍

Web Journalist

Web Journalist at MediaOne

Similar News