വിപ്ലവഗായകന്‍ പാബ്ലോ മിലാന്‍സ് അന്തരിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ സ്പെയിനിലായിരുന്നു അന്ത്യം

Update: 2022-11-23 06:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹവാന: ക്യൂബന്‍ സംഗീതത്തെ വിപ്ലവഭരിതമാക്കിയ ഗായകനും ഗാനരചയിതാവും ഗ്രാമി പുരസ്‌കാരജേതാവുമായ പാബ്ലോ മിലാന്‍സ് (79) അന്തരിച്ചു. രക്താര്‍ബുദബാധിതനായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ സ്പെയിനിലായിരുന്നു അന്ത്യം.

രക്താര്‍ബുദവുമായി ബന്ധപ്പെട്ട ചികിത്സക്ക് വേണ്ടി ഈ മാസം സ്പെയിനില്‍ നടത്താനിരുന്ന നിരവധി സംഗീത പരിപാടികള്‍ അദ്ദേഹം റദ്ദാക്കിയിരുന്നു. ''പാബ്ലോയുടെ മരണത്തില്‍ ക്യൂബ അത്യധികം ദുഃഖത്തിലാണെന്ന്'' പ്രധാനമന്ത്രി മാനുവൽ മാരേരോ ക്രൂസ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. 1943-ൽ കിഴക്കൻ ക്യൂബൻ നഗരമായ ബയാമോയിലാണ് പാബ്ലോ മിലാനസ് ഏരിയാസ് ജനിച്ചത്. തൊഴിലാളിവർഗ മാതാപിതാക്കളുടെ അഞ്ച് മക്കളില്‍ ഇളയവനാണ് പാബ്ലോ. ആറാം വയസു മുതല്‍ സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നു. ബൊഹിമീയന്‍ സംഗീതജ്ഞരാണ് ആദ്യകാലത്ത് പാബ്ലോയുടെ കരിയറിന് പ്രചോദനമായത്.

ഫിദല്‍ കാസ്‌ട്രോയുടെ 1959-ലെ ക്യൂബന്‍ വിപ്ലവത്തിന് ചുവടുപിടിച്ച് ക്യൂബന്‍ സംഗീതത്തെ വിപ്ലവഭരിതമാക്കിയ പാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം. വിപ്ലവത്തിനുശേഷം ക്യൂബയിലുയര്‍ന്നുവന്ന 'ന്യൂവ ട്രോവ' എന്ന സംഗീതപ്രസ്ഥാന സ്ഥാപകരിലൊരാളാണ്. സോഷ്യലിസത്തെ പിന്തുണച്ച കൊളോണിയലിസത്തെയും വംശീയതയെയും എതിര്‍ക്കുന്ന പാട്ടുകളും ഫോക് സംഗീതവുമായിരുന്നു പ്രസ്ഥാനത്തിന്‍റെ കാതല്‍. ലാറ്റിനമേരിക്ക, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, പ്യൂര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലെ പാട്ടുകാരെ പാബ്ലോ മിലാന്‍സിന്‍റെ ഗാനങ്ങള്‍ ഏറെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News