എഡ്വേഡ് സ്‌നോഡന് റഷ്യൻ പൗരത്വം; ഉത്തരവിൽ ഒപ്പിട്ട് പുടിൻ

യു.എസ് സുരക്ഷാ ഏജൻസിയിൽനിന്നുള്ള രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ സ്‌നോഡനെ നാട്ടിലെത്തിച്ച് വിചാരണ നടത്താൻ നീക്കം നടത്തുമ്പോഴാണ് സ്‌നോഡന് റഷ്യ പൗരത്വം നൽകുന്നത്

Update: 2022-09-27 02:09 GMT
Editor : Shaheer | By : Web Desk
Advertising

മോസ്‌കോ: യു.എസ് സുരക്ഷാ ഏജൻസി(എൻ.എസ്.എ)യിൽനിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ അന്വേഷണം നേരിടുന്ന മുൻ ഇന്റലിജൻസ് കോൺട്രാക്ടർ എഡ്വേഡ് സ്‌നോഡന് പൗരത്വം അനുവദിച്ച് റഷ്യ. സ്‌നോഡൻ അടക്കം 72 വിദേശികൾക്ക് പൗരത്വം നൽകിക്കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഒപ്പിട്ടു. കേസിൽ യു.എസ് ഭരണകൂടം നിയമനടപടികൾ തുടരുന്നതിനിടെയാണ് ഒൻപതു വർഷത്തിനുശേഷം സ്‌നോഡന് റഷ്യൻ പൗരത്വം ലഭിക്കുന്നത്.

2013ലാണ് സ്‌നോഡൻ എൻ.എസ്.എ നടത്തിയ വിവിധ അന്താരാഷ്ട്ര-ദേശീയ രഹസ്യ ഓപറേഷനുകളെക്കുറിച്ചടക്കമുള്ള നിർണായക വിവരങ്ങൾ ചോർത്തിയത്. യുഎസ് പൗരന്മാർക്കെതിരെ ദേശീയ സുരക്ഷാ ഏജൻസി വലിയ തോതിൽ നിരീക്ഷണം നടത്തുന്നുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. പിന്നാലെ യു.എസ് ഭരണകൂടം അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഇതോടെ നാടുവിട്ട സ്‌നോഡൻ റഷ്യയിൽ അഭയം തേടിയത്.

യു.എസിൽ തിരിച്ചെത്തി വിചാരണ നേരിടണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും സ്‌നോഡൻ തയാറായില്ല. 2020ലാണ് റഷ്യ സ്‌നോഡന് പെർമനന്റ് റസിഡൻസി അനുവദിച്ചത്. ഇതിനു പിന്നാലെ അദ്ദേഹം റഷ്യൻ പൗരത്വത്തിന് അപേക്ഷിക്കുകയായിരുന്നു. 39കാരനായ സ്‌നോഡനു പുറമെ ഭാര്യ ലിൻഡ്‌സേ മിൽസും പൗരത്വത്തിനായി അപേക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. 2020ൽ ദമ്പതികൾക്ക് ഒരു ആൺകുഞ്ഞ് പിറന്നിരുന്നു.

Summary: President Vladimir Putin granted Russian citizenship to former US intelligence contractor Edward Snowden

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News