ഇന്ത്യൻ മഹാസമുദ്രത്തിലെ ഗാലപാഗോസ്; അറിയാം 'ക്രിസ്മസ് ദ്വീപിൻ്റെ' പ്രത്യേകതകൾ
ദ്വീപിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് 60 ദശലക്ഷത്തിലധികം ചുവന്ന കര ഞണ്ടുകളുടെ ദേശാടനമാണ്
1643 ലെ ക്രിസ്മസ് ദിനത്തിൽ ക്യാപ്റ്റൻ വില്യം മൈനോഴ്‌സ് നാമകരണം ചെയ്ത ഒരു ദ്വീപാണ് ഈ ക്രിസ്മസ് ദിനത്തിലം പ്രധാന ചർച്ച വിഷയം. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറുതും എന്നാൽ ആകർഷകവുമായ ഒരു ദ്വീപാണ് 'ക്രിസ്മസ് ദ്വീപ്'. ഓസ്‌ട്രേലിയയുടെ വടക്കുപടിഞ്ഞാറായും ജാവയുടെ തെക്കായുമാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഈ ദ്വീപ് 'ഇന്ത്യൻ മഹാസമുദ്രത്തിലെ ഗാലപാഗോസ്' എന്നും അറിയപ്പെടുന്നു. ഭൂരിഭാഗവും സമൃദ്ധമായ ഉഷ്ണമേഖലാ മഴക്കാടുകളാൽ മൂടപ്പെട്ടിരിക്കുന്ന ഇവിടെ ഡിസംബർ മുതൽ ഏപ്രിൽ വരെ കനത്ത മഴയും അനുഭവപ്പെടുന്നു. വർഷം മുഴുവനും താപനില 27°C വരെ ഉയരും.
ദ്വീപിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് 60 ദശലക്ഷത്തിലധികം ചുവന്ന കര ഞണ്ടുകളുടെ ദേശാടനമാണ്. എല്ലാ വർഷവും, മഴക്കാലത്തിന്റെ ആരംഭത്തിൽ, ഞണ്ടുകൾ കാട്ടിൽ നിന്ന് തീരത്തേക്കുള്ള യാത്ര ആരംഭിക്കുന്നു. മനോഹരമായ അബോട്ട്സ് ബൂബി ഉൾപ്പെടെയുള്ള അപൂർവ പക്ഷി ഇനങ്ങളുടെയും ആവാസ കേന്ദ്രമാണ് ക്രിസ്മസ് ദ്വീപ്. ഓസ്‌ട്രേലിയയിലെ ഏക ഷ്രൂ ആയ ക്രോസിഡൂറ ട്രിച്ചുറയെ അവസാനമായി ഇവിടെ കണ്ടത് 1985 ലാണ്, 2025 ൽ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2021-ലെ ഓസ്‌ട്രേലിയൻ സെൻസസ് പ്രകാരം, ക്രിസ്മസ് ദ്വീപിലെ ജനസംഖ്യ വെറും 1,692 ആണ്. വൈവിധ്യമാർന്ന ഒരു സമൂഹമാണ് ഇവിടുള്ളത്. ചൈനീസ് വംശജരും, യൂറോപ്യരും, മലായ് തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ്, മന്ദാരിൻ, മലായ്, കന്റോണീസ്, മിൻ നാൻ, തഗാലോഗ് എന്നിവയുൾപ്പെടെ നിരവധി ഭാഷകൾ നിവാസികൾ സംസാരിക്കുന്നു. മുസ്‌ലിം, ബുദ്ധമതം, കൺഫ്യൂഷ്യനിസം, താവോയിസം, ക്രിസ്തുമതം തുടങ്ങിയ വിവിധ മതങ്ങളും അവർ പിന്തുടരുന്നു.
ക്രിസ്മസ് ദ്വീപിന് രസകരമായ ഒരു ചരിത്രമുണ്ട്. 1888-ൽ, ഫോസ്ഫേറ്റ് നിക്ഷേപം സമ്പന്നമായിരുന്നതിനാൽ ബ്രിട്ടൻ ഈ ദ്വീപ് പിടിച്ചെടുത്തു. ഖനനാവകാശം ആദ്യം സ്വകാര്യ കുടുംബങ്ങൾക്ക് നൽകുകയും പിന്നീട് ക്രിസ്മസ് ദ്വീപ് ഫോസ്ഫേറ്റ് കമ്പനി കൈകാര്യം ചെയ്യുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്ത്, ജാപ്പനീസ് സൈന്യം ദ്വീപ് കീഴടക്കി. യുദ്ധത്തിനുശേഷം, ന്യൂസിലൻഡും ഓസ്‌ട്രേലിയയും കമ്പനിയുടെ ആസ്തികൾ ഏറ്റെടുത്തു. 1958 ൽ, ക്രിസ്മസ് ദ്വീപ് ഒരു ഓസ്‌ട്രേലിയൻ പ്രദേശമായി മാറി, അതിന്റെ അഡ്മിനിസ്ട്രേറ്ററെ ഓസ്‌ട്രേലിയൻ ഗവർണർ ജനറൽ നിയമിച്ചു.
ഭക്ഷണപ്രിയരായ സന്ദർശകർക്ക് ലക്സ, റൊട്ടി കനായി, സാറ്റേ എന്നിവ മുതൽ ഹോട്ട് പോട്ട്, ക്രിസ്പി ഫ്രൈഡ് നൂഡിൽസ്, ഹൈനാനീസ് ചിക്കൻ റൈസ് വരെയുള്ള പ്രാദേശിക, ഏഷ്യൻ രുചികളുടെ മിശ്രിതം ആസ്വദിക്കാം.