മ്യാൻമര്‍ സൈന്യത്തിന്‍റെ തേർവാഴ്ച: ജീവനുംകൊണ്ടോടി ക്രിസ്ത്യൻ മതവിശ്വാസികള്‍

പള്ളികളില്‍ ഷെല്‍ ആക്രമണം നടത്തുക, പുരോഹിതരെ തടവിലാക്കുക, പള്ളികളെ സൈനിക താവളങ്ങളായി ഉപയോഗിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് സൈന്യം നടത്തുന്നത്

Update: 2021-10-16 04:38 GMT
Advertising

മ്യാൻമറിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വംശീയാതിക്രമം തുടർക്കഥയാവുന്നു. ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്‍ലിംകളെ ആട്ടിപ്പായിച്ച മ്യാന്മർ സൈന്യം ഇപ്പോൾ ക്രിസ്ത്യാനികള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നത്.

മ്യാൻമറിൽ സൈനിക ഭരണകൂടത്തിന്‍റെ തേർവാഴ്ചയിൽ ജീവനും കൊണ്ടോടുകയാണ് ക്രിസ്ത്യൻ ജനത. അക്രമം ഭയന്ന് വീടുവിട്ടിറങ്ങുന്നവർക്ക് അഭയം പ്രാപിക്കാൻ ഇടമില്ല. പള്ളികളില്‍ ഷെല്‍ ആക്രമണം നടത്തുക, പുരോഹിതരെ തടവിലാക്കുക, പള്ളികളെ സൈനിക താവളങ്ങളായി ഉപയോഗിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് സൈന്യം ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിവരുന്നത്. കഴിഞ്ഞ മാസം മ്യാന്‍മര്‍ സൈന്യം കുങ് ബിയാക്ക് ഹം എന്ന 31കാരനായ പുരോഹിതനെ വെടിവച്ച് കൊന്നു. തുടര്‍ന്ന് സൈനികര്‍ പുരോഹിതന്‍റെ വിരല്‍ മുറിച്ചുമാറ്റി മോതിരം മോഷ്ടിച്ചു.

മ്യാൻമറിൽ 90 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ക്രിസ്ത്യാനികൾ മ്യാൻമർ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ്. മ്യാൻമറിന്റെ തെക്കുകിഴക്കൻ അതിർത്തിയായ കയാഹ്, കച്ചിൻ ചിൻ തുടങ്ങിയ പ്രവിശ്യകളിലാണ് ക്രിസ്ത്യൻ വിശ്വാസികൾ തിങ്ങിപ്പാർക്കുന്നത്. ഈ മേഖലകളിൽ പട്ടാള ഭരണകൂടം നിരന്തര ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്.

ഒരു മാസത്തിനിടെ ഇവിടങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർ പലായനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആങ് സാൻ സൂചിയെ തടവിലാക്കി മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചത്. അട്ടിമറിക്കു ശേഷം സൈന്യത്തിന്റെ ആക്രമണത്തിൽ ഇതുവരെ 1100ലധികം പേരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News