ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലില്‍നിന്ന് ഏകാന്ത തടവിലേക്കു മാറ്റി

കഴിഞ്ഞ വർഷം അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതു മുതൽ, സൂകി നെയ്‌പിഡോയിലെ ഒരു അജ്ഞാത സ്ഥലത്ത് വീട്ടുതടങ്കലിലായിരുന്നു

Update: 2022-06-24 04:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

മ്യാന്‍മര്‍: മ്യാന്‍മറിലെ ജനാധിപത്യ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഓങ് സാന്‍ സൂചിയെ വീട്ടുതടങ്കലിൽ നിന്ന് തലസ്ഥാനമായ നയ്പിഡോയിലെ ജയിൽ വളപ്പിലെ ഏകാന്ത തടവിലേക്ക് മാറ്റിയതായി ജുണ്ട വക്താവ് വ്യാഴാഴ്ച അറിയിച്ചു. ''ക്രിമിനല്‍ നിയമപ്രകാരം സൂചി മുതൽ ജയിലിൽ ഏകാന്ത തടവിലാണ്", സോ മിൻ ടുൺ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതു മുതൽ, സൂകി നെയ്‌പിഡോയിലെ ഒരു അജ്ഞാത സ്ഥലത്ത് വീട്ടുതടങ്കലിലായിരുന്നു. വീട്ടുജോലിക്കാര്‍ക്കൊപ്പം അവരുടെ വളര്‍ത്തുനായയും കൂടെയുണ്ടായിരുന്നു. പട്ടാളക്കോടതിക്ക് കീഴിലെ വിചാരണയ്ക്ക് വേണ്ടി മാത്രമായിരുന്നു 77കാരിയായ സൂചി പുറത്തിറങ്ങിയിരുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് സൂചിയുടെ അഭിഭാഷകർക്ക് വിലക്ക് ഏർപ്പെടുത്തുകയും മാധ്യമപ്രവർത്തകരെ അവരുടെ വിചാരണയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ സൂചി ഭരണകൂടത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതെ എല്ലാ നേതാക്കളേയും വീട്ടുതടങ്കലിലാക്കി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൈനിക മേധാവി മിന്‍ ഓംഗ് ഹ്ലായിംഗ് അധികാരം പിടിച്ചത്.

സൂചിയുടെ വിചാരണയും ജയിലിനുള്ളില്‍ മതിയെന്നാണ് പട്ടാളകോടതി തീരുമാനം. 150 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കുന്ന വിവിധ കുറ്റങ്ങളാണ് പട്ടാളകോടതി അവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഴിമതി, പട്ടാളത്തിനെതിരേ ജനങ്ങളെ ഇളക്കിവിടല്‍, കോവിഡ് പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയവയാണ് സൂചിക്കെതിരായ കുറ്റങ്ങള്‍.

കഴിഞ്ഞ വര്‍ഷം സൂചിയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പട്ടാള ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചതിനും കോവിഡ് നിയമങ്ങൾ ലംഘിച്ചതിനുമാണ് സൂചിയെ ശിക്ഷിച്ചത്. സെക്ഷൻ 505 (b) പ്രകാരം രണ്ടു വർഷവും ദുരന്തനിവാരണ നിയമപ്രകാരം രണ്ടു വർഷവുമാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആറു ലക്ഷം ഡോളറും 11.4 കിലോ ഗ്രാം സ്വർണവും യാങ്കൂണിലെ മുൻ മുഖ്യമന്ത്രിയായ ഫിയോ മിൻ തീനിൽനിന്ന് കൈക്കൂലിയായി സ്വീകരിച്ചുവെന്ന് ആരോപിച്ച് മ്യാന്മറിലെ മുൻ സ്‌റ്റേറ്റ് കൗൺസിലർ സൂചിക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News