പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഡല്‍ഹിയില്‍; ഇരുവരും പിടിയില്‍
ഹരിയാനയിലേക്ക് പോകുന്നതിനിടെയാണ് സച്ചിനെയും സീമയെയും പൊലീസ് അറസ്റ്റ് ചെയ്തത്
ഡല്‍ഹി: പബ്ജി കളിച്ച് പരിചയപ്പെട്ട യുവാവിനെ തേടി പാക് യുവതി ഇന്ത്യയിലെത്തി. സീമ ഹൈദർ എന്ന യുവതിയാണ് ആണ്‍സുഹൃത്ത് സച്ചിനെ തേടി ഗ്രേറ്റർ നോയിഡയിൽ എത്തിയത്. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് സീമയെയും യുവതിക്ക് ഒളിച്ചുതാമസിക്കാന്‍ സൌകര്യമൊരുക്കിയതിനു സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
27കാരിയായ സീമ കറാച്ചിയില്‍ നിന്നും നാലു മക്കളുമായി ആദ്യം ഫ്ലൈറ്റില്‍ ദുബൈയിലെത്തി. ദുബൈയില്‍ നിന്നും കാഠ്മണ്ഡുവിലെത്തിയ യുവതി, പൊഖാറയില്‍ നിന്ന് ബസില്‍ അതിര്‍ത്തി കടന്ന് ഡല്‍ഹിയിലെത്തി. മെയ് മാസത്തിലാണ് സീമ ഡല്‍ഹിയിലെത്തിയത്. 2020ലെ കോവിഡ് മഹാമാരിക്കിടെയാണ് സച്ചിനും സീമയും പബ്ജി കളിച്ച് പരിചയപ്പെട്ടത്.
പലചരക്കുകടയിലെ തൊഴിലാളിയായിരുന്ന സച്ചിന്‍ ഗ്രേറ്റർ നോയിഡയിലെ റബുപുരയിലാണ് താമസിച്ചിരുന്നത്. വാടക അപ്പാർട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നത്. പാക് യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പൊലീസിനെ വിവരം അറിയിച്ചത് അഭിഭാഷകനാണ്. ഇന്ത്യയില്‍ വിവാഹം കഴിക്കാനുള്ള നിയമവശം തേടി യുവതി തന്നെ സമീപിച്ചിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.
പിന്നാലെ യുവാവും യുവതിയും വാടക അപ്പാര്‍ട്മെന്‍റ് വിട്ടു. യുവതി പാക് സ്വദേശിനിയാണെന്ന് അറിഞ്ഞില്ലെന്നും വിവാഹിതരാണെന്നാണ് ഇരുവരും തന്നോട് പറഞ്ഞതെന്നും വീട്ടുടമ പൊലീസിനോട് പറഞ്ഞു. ഹരിയാനയിലേക്ക് പോകുന്നതിനിടെയാണ് സച്ചിനെയും സീമയെയും പൊലീസ് അറസ്റ്റ് ചെയ്തത്.