അഫ്ഗാനിൽ മയക്കുമരുന്ന് ഉൽപാദനം നിരോധിച്ച് താലിബാൻ

ഇതിനുമുൻപ് താലിബാൻ അഫ്ഗാൻ ഭരിച്ചപ്പോഴും മയക്കുമരുന്ന് ഉൽപാദനം നിരോധിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് തീരുമാനത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു

Update: 2022-04-03 16:00 GMT
Editor : Shaheer | By : Web Desk
Advertising

അഫ്ഗാനിസ്താനിൽ മയക്കുമരുന്ന് ഉൽപാദനം നിരോധിച്ച് താലിബാൻ. ഇന്ന് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്‌സാദയാണ് പ്രഖ്യാപനം നടത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അഫ്ഗാൻ പരമോന്നത നേതാവ് ഇന്നുമുതൽ രാജ്യത്ത് കറുപ്പ് കൃഷി കർശനമായി നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. മയക്കുമരുന്നുകളുടെ ഉൽപാദനവും ഉപയോഗവും വിൽപനയുമെല്ലാം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ആരെങ്കിലും ഉത്തരവ് ലംഘിച്ചാൽ കൃഷി ഉടൻ തന്നെ പൂർണമായി നശിപ്പിക്കുകയും ശരീഅ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും മയക്കുമരുന്നുകളും ഉൽപാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താൻ. കഴിഞ്ഞ ആഗസ്റ്റിൽ താലിബാൻ അഫ്ഗാനിൽ അധികാരമേറ്റതു തൊട്ട് രാജ്യത്തെ മയക്കുമരുന്ന് ഉൽപാദനം നിയന്ത്രിക്കാൻ അന്താരാഷ്ട്ര സമ്മർദം ശക്തമാണ്. അന്താരാഷ്ട്രതലത്തിൽ താലിബാനെതിരായ ഉപരോധം പിൻവലിക്കാനും ഇത്തരമൊരു ആവശ്യം വിവിധ സംഘങ്ങൾ മുന്നോട്ടുവച്ചിരുന്നു.

ഇതിനുമുൻപ് താലിബാൻ അഫ്ഗാനിൽ ഭരിച്ച സമയത്തും അന്താരാഷ്ട്ര അംഗീകാരം ലഭിക്കാനായി താലിബാൻ മയക്കുമരുന്ന് ഉൽപാദനം നിരോധിച്ചിരുന്നു. എന്നാൽ, ജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് നിരോധനത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തിരുന്നു.

Summary: Taliban bans drug cultivation in Afghanistan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News