Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ജക്കാർത്ത: പുരാതന അറിവുകളും പഴക്കമുള്ള പാരമ്പര്യവും വൈവിധ്യമാർന്ന പാചക രീതികളും പിന്തുടരുന്ന അനേകായിരം സമൂഹങ്ങൾ വസിക്കുന്ന 195 രാജ്യങ്ങളുണ്ട് ലോകത്ത്. ഓരോ വിഭാഗങ്ങളും അവരുടേതായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കുകയും മരിച്ചവരെ മറമാടുകയും ചെയ്യുന്നു. ചിലർക്ക് ഇത് പാരമ്പര്യത്തിന്റെ ഭാഗമാകുമ്പോൾ മറ്റുള്ളവർ ഇതിനെ 'വിചിത്രം' എന്ന് മുദ്രകുത്തുന്നു.
ഇന്തോനേഷ്യയിലെ തെക്കൻ സുലവേസി പ്രവിശ്യയുടെ കരയാൽ ചുറ്റപ്പെട്ട ടാന ടൊറാജ റീജൻസിയിൽ ജീവിക്കുന്നവരാണ് ടൊറാജ സമുദായം. ടൊറാജ സമൂഹത്തിന് മരിച്ചവരെ മറമാടാൻ ഒരു പ്രത്യേക രീതിയുണ്ട്. ഇവിടെ സന്ദർശിച്ച യാത്രക്കാർ മരിച്ചവരോടൊപ്പം ജീവിക്കുന്ന ഒരു പാരമ്പര്യം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
പല്ല് വളരുന്നതിനു മുമ്പ് മരിച്ച കുഞ്ഞുങ്ങളെ മരങ്ങളിൽ കുഴിച്ചിടുന്ന വിചിത്ര രീതിയും ഇവർ പിന്തുടരുന്നു. പ്രാദേശിക വംശീയ വിഭാഗങ്ങൾക്ക് നിരവധി ശവസംസ്കാര രീതികൾ ഉണ്ടെങ്കിലും പലരെയും അത്ഭുതപ്പെടുത്തുന്നതാണ് മരങ്ങളിൽ മരിച്ച കുഞ്ഞുങ്ങളെ സംസ്കരിക്കുന്ന രീതി. കാംബിര ഗ്രാമത്തിൽ ജീവനുള്ളതും സമൃദ്ധവുമായ മരങ്ങൾക്കുള്ളിൽ മരിച്ച കുഞ്ഞുങ്ങളെ കണ്ടെത്താൻ കഴിയും. ഈ രൂപത്തിൽ നിരവധി മര ശവസംസ്കാര സ്ഥലങ്ങളുണ്ട്.
മരിച്ച കുട്ടിയുടെ പുതിയ അമ്മയായിരിക്കും ആ മരം എന്ന് വിശ്വസിച്ചാണ് അവർ അങ്ങനെ ചെയ്തിരുന്നത്. യഥാർത്ഥ മാതാപിതാക്കളുടെ വീടിന് എതിർവശത്താണ് മരത്തിൽ ശവക്കുഴികൾ കൊത്തിയെടുക്കുന്നത്. മരത്തിൽ കുഞ്ഞുങ്ങളുടെ മൃതദേഹം സംസ്കരിക്കുന്നത് കുഞ്ഞിനെ പ്രകൃതി മാതാവിന്റെ മടിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും സമൂഹം വിശ്വസിച്ചു.