സെബ്രെനിക്ക വംശഹത്യാ നിഷേധം ഇനിമുതൽ കുറ്റകൃത്യം

വംശഹത്യ നിഷേധിക്കുകയോ യുദ്ധക്കുറ്റവാളികളെ മഹത്വവൽക്കരിക്കുകയോ ചെയ്താൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ബോസ്‌നിയയിലെ രാജ്യാന്തര കോടതി പ്രതിനിധി പ്രഖ്യാപിച്ചു

Update: 2021-07-24 15:18 GMT
Editor : Shaheer | By : Web Desk
Advertising

സെബ്രെനിക്ക കൂട്ടക്കൊല നിഷേധിക്കുന്നത് ഇനി തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം. മുസ്‍ലിം വംശഹത്യയില്‍നിന്ന് കൈകഴുകാനുള്ള സെർബ് ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് ബോസ്‌നിയ ഹെർസഗോവിനയിലെ രാജ്യാന്തര കോടതി പ്രതിനിധി പുതിയ ഉത്തരവിറക്കിയത്.

ബോസ്‌നിയയിലെ ഓഫീസ് ഓഫ് ദ ഹൈ റെപ്രസെന്റേറ്റീവ്(ഒഎച്ച്ആർ) തലവൻ വാലെന്റിൻ ഇൻസ്‌കോ ആണ് വംശഹത്യാ നിഷേധം കുറ്റകൃത്യമാക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സെർബ് യുദ്ധത്തിന്‍റെ ഒടുവില്‍ ധാരണയായ കരാർ നടപ്പാക്കുന്നതിന്റെ മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടതാണ് ഒഎച്ച്ആർ. മുസ്‍ലിം വംശഹത്യ നിഷേധിക്കുകയോ യുദ്ധക്കുറ്റവാളികളെ മഹത്വവൽക്കരിക്കുകയോ ചെയ്താൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ഇൻസ്‌കോ അറിയിച്ചിട്ടുണ്ട്.

1995ലാണ് ബോസ്‌നിയയിലെ സെബ്രെനിക്കയിൽ ലോകമനസാക്ഷിയെ ഞെട്ടിച്ച മുസ്‍ലിം കൂട്ടക്കൊല നടന്നത്. 1992 മുതൽ 1995 വരെ നടന്ന സെർബ് യുദ്ധത്തിനിടയിൽ സെർബ് സൈന്യത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ കൂട്ടക്കുരുതി. വീടുകൾ കയറി മുസ്‍ലിം പുരുഷന്മാരെ പിടിച്ചുകൊണ്ടുപോയി കൂട്ടക്കുരുതി നടത്തുകയായിരുന്നു സെർബ് സൈന്യം. 8,000ത്തോളം പേരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ നടന്ന ഒരേയൊരു വംശഹത്യയാണിത്. രാജ്യാന്തര നീതിന്യായ കോടതിയും പഴയ യൂഗോസ്ലാവിയയിൽ പ്രവർത്തിച്ചിരുന്ന രാജ്യാന്തര കോടതിയും സംഭവം വംശഹത്യയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കൂട്ടക്കൊലയുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ ബോസ്‌നിയയിലെ സെർബുകളോ അയൽരാജ്യമായ സെർബിയൻ അധികൃതരോ ഇതുവരെ തയാറായിട്ടില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News