'ഗസ്സ യുദ്ധത്തില്‍ നിന്ന് യു.എസ് ലാഭം കൊയ്യുന്നു'; ആരോപണവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ഉദ്യോഗസ്ഥ

വൈറ്റ് ഹൗസിന്റെ പശ്ചിമേഷ്യന്‍ നയം വന്‍ പരാജയമാണെന്ന് ഹാല

Update: 2024-05-04 08:03 GMT
Editor : ദിവ്യ വി | By : Web Desk
Advertising

വാഷിങ്ടണ്‍: ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന വംശിയ ആക്രമണത്തില്‍ യു.എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ ഹാല രാരിറ്റ്. യു.എസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അറബിക് ഭാഷാ വിഭാഗം വക്താവായിരുന്ന ഹാല കഴിഞ്ഞ മാസമാണ് രാജിവച്ചെത്. അമേരിക്കയുടെ ഗസ നയത്തോട് വിയോജിച്ച്, 18 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഹാല രാജിവെച്ചത്. പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം യു.എസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വൈറ്റ് ഹൗസിന്റെ പശ്ചിമേഷ്യന്‍ നയം വന്‍ പരാജയമാണെന്ന് ഹാല പറഞ്ഞു. ഇത് മനുഷ്യത്വരഹിതമായ നയമാണ്. തനിക്ക് ഇനി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമാകാനോ ഈ നയം പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. ഫലസ്തീനികളെയോ ഇസ്രായേലികളെയോ സഹായിക്കാത്ത ഒരു പരാജയപ്പെട്ട നയമാണിതെന്നും ഹാല പറഞ്ഞു. യു.എസിലെ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹാലയുടെ പ്രതികരണം.

മനുഷ്യാവകാശ ലംഘനം നടത്തുന്ന രാജ്യങ്ങളിലേക്ക് സൈനിക ഉപകരണങ്ങളോ ആയുധങ്ങളോ അയയ്ക്കാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. ഗസ്സയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ണ്ണയിച്ചിട്ടുണ്ട്. എന്നിട്ടും യു.എസ് ഇപ്പോഴും കോടിക്കണക്കിന് പ്രതിരോധ ആയുധങ്ങള്‍ മാത്രമല്ല ആക്രമണാത്മക ആയുധങ്ങളും അയ്ക്കുന്നുണ്ട്. ഇത് ആഭ്യന്തര നിയമത്തിന്റെ ലംഘനത്തിന് തുല്യമാണ്. പല നയതന്ത്രജ്ഞര്‍ക്കും ഇതറിയാം. എന്നാല്‍ പല നയതന്ത്രജ്ഞരും അത് പറയാന്‍ ഭയപ്പെടുകയാണെന്നും ഹാല രാരിറ്റ് പറഞ്ഞു. ചില ലോബികളുടെ പ്രത്യേക താല്പര്യങ്ങള്‍ യു.എസ് നയങ്ങളെയും കോണ്‍ഗ്രസിനെയും സ്വാധീനിക്കാറുണ്ടെന്നും ഹാല അരോപിച്ചു.

രാഷ്ട്രീയക്കാര്‍ യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യരുത് എന്നതാണ് സാരം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അത് സാധ്യമാക്കുന്ന ചില അഴിമതികള്‍ നമുക്കുണ്ടെന്നും അവര്‍ പറഞ്ഞു. ഗസ്സ യുദ്ധത്തില്‍ നിന്ന് യു.എസ് ലാഭം ഉണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഹാലയുടെ ഈ പ്രതികരണം.



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News