പടക്കപ്പലിന് നേരെ വന്ന ഇറാൻ്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ്

യുദ്ധക്കപ്പലിനെ സംരക്ഷിക്കുന്നതിനായി സ്വയംപ്രതിരോധത്തിൻ്റെ ഭാഗമായാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് യുഎസ്

Update: 2026-02-04 02:28 GMT

വാഷിങ്ടണ്‍ ഡിസി: അറബിക്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ വന്ന ഇറാൻ്റെ ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം. ഇറാനും യുഎസിനുമിടയിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഭവം. ഇറാൻ്റെ ഷഹെദ്-139 ഡ്രോണ്‍ വെടിവെച്ചിട്ടതായി യുഎസ് സൈന്യം പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

യുദ്ധക്കപ്പലിനെയും അതിലെ ആളുകളെയും സംരക്ഷിക്കുന്നതിനായി സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് യുഎസ് അവകാശപ്പെട്ടു. ലിങ്കണ്‍ കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35സി യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്. കപ്പലിന് നേരെ അപകടകരമായ രീതിയില്‍ അടുക്കുകയായിരുന്നു ഡ്രോണ്‍ എന്നാണ് യുഎസ് സൈന്യം പറഞ്ഞത്. ഇറാന്റെ തെക്കന്‍ തീരത്തുനിന്ന് 800 കിലോമീറ്റര്‍ അകലെയായാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ നിലയുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Advertising
Advertising

അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ സംഭവം. വെള്ളിയാഴ്ച തുര്‍ക്കിയിലെ ഇസ്തംബുളില്‍ ആദ്യഘട്ട ചര്‍ച്ച നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര പരിഹാരമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു.

എന്നാല്‍ ചര്‍ച്ചയുടെ വേദി ഒമാനിലേക്ക് മാറ്റണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. നീതിയുക്തവും തുല്യതയുള്ളതുമായ ചര്‍ച്ചകള്‍ നടത്താനാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചിക്ക് നല്‍കിയ നിര്‍ദേശം. ആണവ വിഷയത്തില്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും മേഖലയെ ആകെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പെടെയുള്ള ഇറാന്റെ വിഭവങ്ങള്‍ പിടിച്ചെടുക്കാനാണ് യുഎസിന്റെ ആഗ്രഹം. അതാണ് അവരുടെ നീക്കങ്ങളുടെ പിന്നിലെ യഥാര്‍ഥ കാരണമെന്നും ഖാംനഈ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News