സ്ത്രീയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകൻ ഒരു വർഷം പെൻഷൻ വാങ്ങി

സോഷ്യൽ വെൽഫെയർ പദ്ധതി പ്രകാരം 43 ലക്ഷത്തിൽപരം രൂപയാണ് 66 കാരനായ മകൻ നേടിയത്

Update: 2021-09-10 16:25 GMT
Advertising

സ്ത്രീയുടെ മൃതദേഹം നിലവറയിലൊളിപ്പിച്ച് മകൻ ഒരു വർഷത്തോളം പെൻഷൻ വാങ്ങി. സോഷ്യൽ വെൽഫെയർ പദ്ധതി പ്രകാരം 43 ലക്ഷത്തിൽപരം രൂപയാണ് 66 കാരനായ മകൻ അടിച്ചുമാറ്റിയത്. ഓസ്ട്രിയയിലാണ് സംഭവം.

അമ്മയുടെ മൃതദേഹം ബാൻഡേജ് കെട്ടി നിലവറയിൽ ശീതീകരിച്ച് സൂക്ഷിക്കുകയും മരണവിവരം രഹസ്യമാക്കി വെക്കുകയുമായിരുന്നെന്ന് ഇയാൾ ഓസ്ട്രിയൻ അധികൃതരോട് പറഞ്ഞു. അമ്മക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം തുടർന്നും നേടാനായിരുന്നു ഇങ്ങനെ ചെയ്തതെന്നും ഇയാൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 89 കാരിയായ അമ്മയുടെ മൃതദേഹം ഓസ്ട്രിയയുടെ ടൈറോൾ പ്രദേശത്തെ ഇന്നസ്ബ്രകിനടുത്തുള്ള ഒരു വീട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ സ്വാഭാവിക മരണം സംഭവിച്ചതായാണ് കരുതുന്നത്.

ദുർഗന്ധമോ തിരിച്ചറിയപ്പെടുന്ന മറ്റു കാര്യങ്ങളോ ഇല്ലാതെയാണ് ഇയാൾ മൃതദേഹം സൂക്ഷിച്ചതെന്ന് പൊലീസ് മേധാവി ഹെൽമുട് ഗഫ്‌ളർ പറഞ്ഞു.

അദ്ദേഹത്തിന്റെ സഹോദരൻ വീട്ടിൽ വന്നതോടെയാണ് കള്ളി പൊളിയാൻ തുടങ്ങിയത്. അമ്മ ഹോസ്പിറ്റലിലാണെന്നായിരുന്നു ഇയാൾ സഹോദരനോട് പറഞ്ഞിരുന്നത്.

ആനുകൂല്യം കൈമാറാൻ പുതുതായി വന്ന പോസ്റ്റ്മാൻ അവരെ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ഇയാൾ ആവശ്യം നിരസിക്കുകയായിരുന്നു. പോസ്റ്റ്മാൻ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സാധാരണമരണം സംഭവിച്ചതായി വ്യക്തമാക്കുന്നതിനാൽ മകന്റെ പേരിൽ മൃതദേഹം ഒളിപ്പിച്ചതിനും വഞ്ചിച്ച് ആനുകൂല്യം കൈപറ്റിയതിനും മാത്രമേ കേസുള്ളൂ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News