ജോലി വീട്ടിലിരുന്ന് മിഠായി രുചിക്കല്‍; ശമ്പളം 61 ലക്ഷം, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 31

കമ്പനിയുടെ ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്

Update: 2022-08-03 05:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാനഡ: കൈ നിറയെ മിഠായികള്‍, ഐസ്ക്രീമുകള്‍, മധുരപലഹാരങ്ങള്‍...കുട്ടിയായിരിക്കുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇതൊക്കെയായിരിക്കും. പലപ്പോഴും ഇതൊക്കെ വലപ്പോഴും കിട്ടുന്ന ഒരു വസ്തുവായതുകൊണ്ടായിരിക്കാം അവയൊക്കെ സ്വപ്നങ്ങളാകുന്നത്. നിങ്ങളുടെ കുട്ടിക്കാല സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുകയാണ് കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡി ഫണ്‍ഹൗസ് എന്ന കമ്പനി. മിഠായികള്‍ കഴിക്കുക മാത്രമല്ല, മികച്ച ശമ്പളമുള്ള ഒരു ജോലി കൂടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കമ്പനിയുടെ ചീഫ് കാൻഡി ഓഫീസർ തസ്തികയിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. വീട്ടിലിരുന്ന് കമ്പനി നിർമ്മിക്കുന്ന മിഠായികൾ രുചിച്ച് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക എന്നതാണ് ജോലി. ശമ്പളം 100000 കനേഡിയൻ ഡോളർ, ഏകദേശം 61,14,447 ലക്ഷം രൂപ. "നിങ്ങൾക്ക് വേണ്ടത് മിഠായി, പോപ്പ് സംസ്കാരം, മധുരപലഹാരം എന്നിവയോടുള്ള അഭിനിവേശമാണ്!" എന്നാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കുറിപ്പില്‍ പറയുന്നത്. തെരഞ്ഞെടുക്കുന്നവരുടെ നാക്ക് വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്നും വ്യക്തമാക്കുന്നു.

ജൂലൈയിൽ ലിങ്ക്ഡ്ഇനിൽ പോസ്റ്റുചെയ്ത ജോലിക്ക് നിരവധി പേർ ഇതിനകം അപേക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി സി.ഇ.ഒ ജമാൽ ഹെജാസി പറഞ്ഞു. വടക്കേ അമേരിക്കയിൽ താമസിക്കുന്ന അഞ്ച് വയസിന് മുകളിലുള്ള ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. ഈ ജോലി പാർട്ട് ടൈം ആയും ചെയ്യാൻ കഴിയും. ഭക്ഷണ അലർജി ഇല്ലാത്തവർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവർക്കുമാണ് മുൻഗണന നൽകുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്ത് 31 ആണ്. ലിങ്ക്ഡ്ഇൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News