കർണാടക മന്ത്രി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി; വീഡിയോ പുറത്ത്
ജലവിഭവ വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജർക്കി ഹോളിയാണ് വിവാദത്തിലായത്

കർണാടക മന്ത്രി ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. ജലവിഭവ വകുപ്പ് മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജർക്കി ഹോളിയാണ് വിവാദത്തിലായത്. സർക്കാർ ജോലി വാഗ്ദാനം ചെയ്തു മന്ത്രി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിക്കുവേണ്ടി സാമൂഹ്യ പ്രവർത്തകൻ ദിനേഷ് കാലഹള്ളിയാണ് ബംഗളുരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുള്ളത്
പീഡനത്തിനിരയായ പെണ്‍കുട്ടി മന്ത്രിക്കെതിരായ തെളിവായി ദൃശ്യങ്ങളുടെ സിഡിയും ദിനേഷ് കാലഹള്ളിക്ക് കൈമാറിയിട്ടുണ്ട്. കബൻ പാർക്ക് പൊലീസാണ് കേസ് അന്വേഷിയ്ക്കുന്നത്.
വൈദ്യുത വകുപ്പിന് കീഴിലുള്ള കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി 25കാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. പിന്നീട് ജോലി ലഭിക്കാതെ ആയപ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും ദിനേഷ് കാലഹള്ളിയെ തേടിയെത്തിയതും ദൃശ്യങ്ങള്‍ കൈമാറിയതും.
തനിയ്ക്ക് ആരെയും അറിയില്ലെന്നും വാർത്തകൾ വലിയ ഷോക്കായി എന്നും ജാർക്കി ഹോളി പ്രതികരിച്ചു. മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുമായി അടിയന്തര ചർച്ച നടത്തിയ ജാർക്കി ഹോളി ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഇക്കാര്യം സംസാരിയ്ക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാത്രി വൈകിയും ജാർക്കി ഹോളിയുടെ വസതിയ്ക്ക് മുമ്പിൽ സമരം നടത്തി. പ്രതിഷേധം വ്യാപിയ്ക്കുന്നതിന് മുമ്പെ മന്ത്രി രാജിവച്ചേയ്ക്കുമെന്നും സൂചനകളുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രമേഷ് ജാര്‍ക്കി ഹോളിയുടെ നേതൃത്വത്തിലുള്ള വിമത പ്രവര്‍ത്തനങ്ങളാണ് ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതും ബിജെപിയെ അധികാരത്തിലെത്തിച്ചതും.
Adjust Story Font
16

