അസം മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; സ്വത്തില്‍ 71 ശതമാനത്തിന്‍റെ വര്‍ധന
മാര്‍ച്ച് 27, ഏപ്രില്‍, 1, ഏപ്രില്‍ 6 തിയ്യതികളിലായാണ് അസം തെരഞ്ഞെടുപ്പ് നടക്കുന്നത്.

അസം മുഖ്യമന്ത്രിയുടെ സ്വത്തില്‍ എഴുപത്തിയൊന്ന് ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്‍റെ സ്വത്ത് വര്‍ധന രേഖപ്പെടുത്തിയത്.
2016ല്‍ നിന്ന് 2021ലെത്തിയപ്പോള്‍ സോനോവാളിന്റെ സ്വത്ത് 3.17 കോടി രൂപയായാണ് വര്‍ധിച്ചത്. 2.02 കോടി രൂപയുടെ സ്ഥാവര സ്വത്തും, 1.14 കോടി രൂപയുടെ ജംഗമസ്വത്തുമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. 2016ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ ബാങ്ക് ഡെപ്പോസിറ്റില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടായി. ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ (ഒ.ഐ.എല്‍) ഓഹരിയും മുഖ്യമന്ത്രിയുടെ പേരിലുണ്ട്.
കൈവശമുള്ള പണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ലെ 94,597ല്‍ നിന്ന് മുപ്പത്തിയൊമ്പതിനായിരം രൂപയാണ് കൈവശമുള്ള പണം. പുതുതായി ഒരു സ്ഥാവര വസ്തുവും സര്‍ബാന്ദ സോണോവാള്‍ അഞ്ച് വര്‍ഷത്തിനിടക്ക് ഉണ്ടാക്കിയിട്ടില്ല. രണ്ടര ലക്ഷം രൂപയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്.
126 അംഗ അസം നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായി മാര്‍ച്ച് 27, ഏപ്രില്‍, 1, ഏപ്രില്‍ 6 തിയ്യതികളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16

