സീറ്റില്ല; അസമില്‍ രണ്ട് എം.എല്‍.എ കൂടി ബി.ജെ.പി വിട്ടു, വെട്ടിലായി നേതൃത്വം
സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രണ്ട് എം.എൽ.എമാരാണ് ബി.ജെ.പിയില്‍ നിന്നും രാജി വച്ചത്

അസം ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക് തുടരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് 2 എം.എല്‍.എമാര്‍ കൂടി രാജി വച്ചതോടെ അസമില്‍ ബി.ജെ.പിയുടെ തുടർഭരണ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുകയാണ്.
സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് എം.എൽ.എമാരാണ് ബി.ജെ.പിയില്‍ നിന്നും രാജി വച്ചത്. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ദിലീപ് കുമാര്‍ പോള്‍, ശിലാദിത്യ ദേവ് എന്നിവരാണ് രാജിവെച്ചത്. സംസ്‌ഥാന ബി.ജെ.പിയിലെ തന്നെ നേതാക്കൾ തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു. ഹോജയ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ജനവിധി തേടുമെന്ന് ശിലാദിത്യ ദേവ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബി.ജെ.പി മന്ത്രി സം റോങ്ഹാങ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സംസ്‌ഥാന ഖനന വകുപ്പ് മന്ത്രി ആയിരുന്നു അദ്ദേഹം. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നിരവധി തവണ ശിലാദിത്യ ദേവ് പ്രസ്താവനകൾ നടത്തിയിരുന്നു.
എന്നാൽ പാർട്ടി നേതൃത്വത്തിന് എതിരായി പരസ്യ പ്രസ്താവന നടത്തിയത് കൊണ്ടാണ് ശിലാദിത്യയെ പുറത്താക്കിയതെന്നാണ് ബി.ജെ.പിയുടെ വാദം. തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള പ്രമുഖ നേതാക്കളുടെ കാലുമാറ്റം ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
Adjust Story Font
16

