Quantcast

2028 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍; കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി ഇവി കരട് നയം

ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് നയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 ദിവസം നല്‍കിയിട്ടുണ്ട്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-11 08:22:44.0

Published:

11 April 2026 1:51 PM IST

Delhi EV Draft Policy Proposes
X

ന്യൂഡല്‍ഹി: കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി സര്‍ക്കാറിന്റെ 2026-2030 കാലയളവിലേക്കുള്ള ഇലക്ട്രിക് വാഹന കരടു നയം പുറത്തിറക്കി. ഇത് പ്രകാരം 2027 മുതല്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. 2028 ഏപ്രില്‍ മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കൂ. പെട്രോള്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് തലസ്ഥാന നഗരിയെ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഇവി നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് നയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 ദിവസം നല്‍കിയിട്ടുണ്ട്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇവി നയത്തില്‍ പറയുന്നത്. അതേസമയം, ഇവി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍സെന്‍്‌റീവുകള്‍, കൂടുതല്‍ ചാര്‍ജിങ് സൗകര്യങ്ങള്‍ മുതലായവ നടപ്പാക്കും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്ധന വാഹനങ്ങളെ നിരത്തില്‍ നിന്ന് ഘട്ടംഘട്ടമായി ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്.

അഗ്രഗേറ്റര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെലിവറി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന ടു-വീലറുകളും ഗുഡ്സ് വാഹനങ്ങളും 2027 ജനുവരി ഒന്ന് മുതല്‍ ഇലക്ട്രിക് മാത്രമായിരിക്കണം. നിലവിലുള്ള ബിഎസ്-6 പെട്രോള്‍ ടൂ-വീലറുകള്‍ക്ക് 2026 ഡിസംബര്‍ വരെ മാത്രമേ ഇത്തരം സേവനങ്ങള്‍ക്കായി അനുമതിയുണ്ടാകൂ.

സ്‌കൂള്‍ ബസുകള്‍ ഘട്ടംഘട്ടമായി ഇ-വാഹനങ്ങളാക്കണം. രണ്ട് വര്‍ഷം കൊണ്ട് 10 ശതമാനം, മൂന്ന് വര്‍ഷം കൊണ്ട് 20 ശതമാനം, 2030ഓടെ 30 ശതമാനം എന്നിങ്ങനെ സ്‌കൂള്‍ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറണം. പുതിയതായി വാങ്ങുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണം. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങള്‍ ഇനി മുതല്‍ 100 ശതമാനവും ഇലക്ട്രിക് ആയിരിക്കണം.

ഇവികളെ പ്രോത്സാഹിപ്പിക്കാനായി ഇന്‍സെന്റീവുകളും കരട് നയത്തില്‍ പറയുന്നു. 2.25 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഇവി ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇളവുണ്ടാകും.

TAGS :

Next Story